സെർബിയക്കെതിരായ പരാജയത്തിൽ അസ്വസ്ഥനായി റൊണാൾഡോ; പരിശീലകൻ അരികിലെത്തിയപ്പോളും രോഷം വിടാതെ താരം

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിൽ സെർബിയയോട് പരാജയപ്പെട്ടതോടെ ഖത്തർ ലോകകപ്പിലേക്ക് നേരിട്ട് ടിക്കറ്റ് ഉറപ്പിക്കാനുള്ള സുവർണാവസരമാണ് പോർച്ചുഗലിന് നഷ്ടമായത്. മത്സരത്തിൽ സമനില നേടിയിരുന്നെങ്കിൽപ്പോലും ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ കഴിയുമായിരുന്ന പറങ്കിപ്പട ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സെർബിയക്ക് മുന്നിൽ കീഴടങ്ങിയത്.
പ്ലേ ഓഫിലൂടെ ലോകകപ്പ് യോഗ്യത നേടാനുള്ള അവസരം ഇനിയും പോർച്ചുഗലിന് മുന്നിലുണ്ടെങ്കിലും അനായാസം ലോകകപ്പിലേക്ക് ടിക്കറ്റെടുക്കാനുള്ള അവസരമാണ് സെർബിയക്കെതിരെ വഴങ്ങിയ തോൽവിയോടെ അവർ തുലച്ചത്. ഇത് ടീമിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിരാശനും, അസ്വസ്ഥനുമാക്കുകയും ചെയ്തു. മത്സരത്തിന് ശേഷം മൈതാനം വിടാതെ കടുത്ത നിരാശയോടെ അവിടെയിരുന്ന താരം എത്രമാത്രം അസ്വസ്ഥനാണെന്ന് അദ്ദേഹത്തിന്റെ അംഗവിക്ഷേപങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
മത്സരത്തിലെ അവസാന വിസിൽ മുഴങ്ങിയതിന് ശേഷം പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് റൊണാൾഡോയെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു. പരിശീലകനുമായി ഹസ്തദാനം നടത്തിയെങ്കിലും ഈ സമയവും റൊണാൾഡോയെ രോഷാകുലനായാണ് കാണപ്പെട്ടത്. ഒരു ഗോളിന് മുന്നിൽ നിന്ന മത്സരത്തിൽ പരാജയം നേരിടേണ്ടി വന്നതിന്റെ എല്ലാവിധ അമർഷങ്ങളും റോണോയിൽ പ്രകടവുമായിരുന്നു. നിലവിൽ മുപ്പത്തിയാറുകാരനായ തനിക്ക് ലോകകപ്പിൽ കിരീടം ചൂടാനുള്ള അവസാന അവസരമാണ് ഖത്തറിലേതെന്ന കൃത്യമായ ബോധ്യം റൊണാൾഡോക്കുണ്ട്. അതു കൊണ്ടാണ് സെർബിയക്കെതിരായ മത്സരഫലം അദ്ദേഹത്തെ ഇത്രയധികം വേദനിപ്പിക്കുന്നത്.
IMAGENS EXCLUSIVAS DA TNT SPORTS! O CLIMA ESQUENTOU! ?? Cristiano falou poucas e boas pro técnico Fernando Santos depois do apito final contra a Sérvia... #EliminatóriasNaTNTSports pic.twitter.com/kZr1M48gFM
— TNT Sports Brasil (@TNTSportsBR) November 14, 2021
അതേ സമയം ലോകകപ്പ് യോഗ്യതാ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത 10 ടീമുകളും, യുവേഫ നേഷൻസ് ലീഗിലെ ഉയർന്ന രണ്ട് സ്ഥാനക്കാരുമടക്കം മൊത്തം 12 ടീമുകളാണ് ലോകകപ്പ് യോഗ്യതക്കായുള്ള പ്ലേ ഓഫ് മത്സരങ്ങളിൽ അടുത്ത വർഷം മത്സരിക്കുക. പ്ലേ ഓഫിൽ നിന്ന് 3 ടീമുകൾക്ക് മാത്രമാണ് ലോകകപ്പിലേക്ക് യോഗ്യത ലഭിക്കുക. അത് കൊണ്ടു തന്നെ ഖത്തർ ലോകകപ്പിന് യോഗ്യത നേടണമെങ്കിൽ പോർച്ചുഗലിന് ഇനി അല്പം വിയർപ്പൊഴുക്കേണ്ടി വരുമെന്നത് വ്യക്തം.