അറ്റലാന്റക്കെതിരായ വിജയത്തിനു ശേഷം റൊണാൾഡോയിട്ട ഇൻസ്റ്റഗ്രാം പോസ്റ്റിൽ അഭിനന്ദനവുമായി മാഴ്സലോയടക്കമുള്ള താരങ്ങൾ


കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പതറിയ പ്രകടനം നടത്തിയപ്പോൾ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ ഇല്ലാതാക്കിയായാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അറ്റലാന്റക്കെതിരെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടുന്നത്. ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിലായതിനു ശേഷം രണ്ടാം പകുതിയിൽ തിരിച്ചു വരവു നടത്തിയ റെഡ് ഡെവിൾസ് രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.
നിരാശപ്പെടുത്തുന്ന ആദ്യപകുതിക്ക് ശേഷം നടത്തിയ മികച്ച പ്രകടനത്തിലൂടെ നേടിയ വിജയത്തിലും തന്റെ ഗോളിലും റൊണാൾഡോ വളരെയധികം സന്തോഷവാനാണെന്ന് താരം അതിനു ശേഷമിട്ട ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വ്യക്തമാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിനു ശേഷം രണ്ട് ഇൻസ്റ്റഗ്രാം പോസ്റ്റുകൾ താരമിട്ടപ്പോൾ അതിനു കീഴിൽ അഭിനന്ദനവുമായി മാഴ്സലോ, വിനീഷ്യസ് ജൂനിയർ, റിയോ ഫെർഡിനാൻഡ് എന്നിവർ എത്തുകയും ചെയ്തു.
"ഞങ്ങളുടെ ദിവസം വരികയാണ്, ഞങ്ങളെ ഉണ്ടാക്കിയത് എന്തു കൊണ്ടാണെന്ന് കാണിക്കണം, ലോകത്തിനു മുന്നിൽ ഞങ്ങൾ ആരാണെന്ന് തെളിയിക്കാൻ ഏറ്റവും അനുയോജ്യമായ മത്സരം ചാമ്പ്യൻസ് ലീഗ് തന്നെയാണ്. അതിൽ ഒഴിവുകഴിവുകളില്ല, ഇനിയും മുന്നോട്ട്," റൊണാൾഡോ ആദ്യത്തെ പോസ്റ്റിൽ പറയുന്നു.
"അതെ, തീയേറ്റർ ഓഫ് ഡ്രീംസിനു അക്ഷരാർത്ഥത്തിൽ തീ പിടിച്ചിരിക്കുന്നു, ഞങ്ങൾ ജീവനോടെ തന്നെയുണ്ട്. ഇതു മാഞ്ചസ്റ്റർ യുണൈറ്റഡാണ്, ഒരിക്കലും പിൻമാറാൻ മനസില്ലാത്തവർ. ഇത് ഓൾഡ് ട്രാഫോഡുമാണ്," റൊണാൾഡോ രണ്ടാമത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
റൊണാൾഡോയുടെ രണ്ടാമത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് താരങ്ങൾ അഭിനന്ദനവുമായി എത്തിയത്. നിങ്ങളിപ്പോഴും ആസ്വദിച്ചു കൊണ്ടിരിക്കുന്നതിൽ എനിക്കു സന്തോഷമുണ്ടെന്ന് മാഴ്സലോ കുറിച്ചപ്പോൾ, റൊണാൾഡോ ഗോളാഘോഷം നടത്തുന്ന ശബ്ദമായ 'സി' എന്നാണു വിനീഷ്യസ് കുറിച്ചത്. ഇതിനു പുറമെ ഫെർഡിനാൻഡും താരത്തെ അഭിനന്ദിച്ചു.