Football in Malayalam

സോഷ്യൽ മീഡിയയിലെ രാജാവായി റൊണാൾഡോ, സ്വന്തമാക്കിയത് മറ്റൊരാൾക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടം

Sreejith N
FBL-ESP-FRAUD-RONALDO
FBL-ESP-FRAUD-RONALDO / PIERRE-PHILIPPE MARCOU/Getty Images
facebooktwitterreddit

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരമാരെന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമെങ്കിലും സോഷ്യൽ മീഡിയയിലെ രാജാവ് ആരാണെന്ന കാര്യത്തിൽ അത്തരം അഭിപ്രായങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. ഫുട്ബോളിലെ മാത്രമല്ല, ലോകത്തിലെ ഏതു കായികതാരത്തെക്കാളുമധികം സോഷ്യൽ മീഡിയ ഫോള്ളോവേഴ്‌സ്‌ ഉള്ളത് യുവന്റസ് സൂപ്പർതാരം റൊണാൾഡോക്ക് തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കയാണ് പോർച്ചുഗൽ നായകൻ.

വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലായി അഞ്ഞൂറ് മില്യൺ ഫോള്ളോവേഴ്സ് എന്ന നേട്ടമാണ് റൊണാൾഡോ അടുത്തിടെ സ്വന്തമാക്കിയത്. കായികമേഖലയിൽ മാത്രമല്ല, ലോകത്ത് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ സെലിബ്രിറ്റിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതുവഴി ലോകത്തിലെ ഏറ്റവും മാർക്കറ്റബിൾ ആയ അത്‌ലറ്റ് എന്ന സ്ഥാനം അരക്കിട്ടുറപ്പിക്കാനും താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, ട്വിറ്റർ, യൂട്യൂബ് എന്നിവയിലൂടെയാണ് റൊണാൾഡോ അഞ്ഞൂറ് മില്യൺ ഫോളോവെഴ്‌സ് എന്ന നേട്ടം സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിലാണ് താരത്തിന് ഏറ്റവുമധികം ഫോളോവെഴ്‌സുള്ളത്. 261 മില്യൺ അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാം വഴി താരത്തെ പിന്തുടരുമ്പോൾ 125 മില്യൺ ലൈക്കുകളും 147 മില്യൺ ഫോളോവെഴ്‌സും താരത്തിന് ഫേസ്ബുക്കിലുണ്ട്. ഇതിനു പുറമെ 91 മില്യൺ അക്കൗണ്ടുകൾ താരത്തെ ട്വിറ്ററിലൂടെ പിന്തുടരുമ്പോൾ യൂട്യൂബിൽ ഒരു മില്യനാണ് താരത്തിന്റെ ഫോളോവേഴ്‌സ്.

റൊണാൾഡോയുടെ കാമുകിയായ ജോർജിന റോഡ്രിഗസും സോഷ്യൽ മീഡിയയിൽ വലിയ ഉയർച്ചയാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. 24 മില്യൺ ഫോളോവേഴ്‌സ് സോഷ്യൽ മീഡിയയിലുള്ള അർജന്റീനിയൻ മോഡൽ സോഷ്യൽ മീഡിയയിൽ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന അക്കൗണ്ടുകളിൽ ഒന്നാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നിങ്ങനെ യൂറോപ്പിലെ പ്രധാന ലീഗുകളിലെ വമ്പൻ ക്ലബുകൾക്കു വേണ്ടി കളിച്ചതും മോഡൽ എന്ന രീതിയിലുള്ള വളർച്ചയുമാണ് റൊണാൾഡോയുടെ ഫോളോവേഴ്‌സിന്റെ എണ്ണം വർധിക്കാൻ കാരണമായത്. മുപ്പത്തിയാറാം വയസിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരം യുവന്റസുമായി ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാനുള്ള നീക്കത്തിലാണ്.

facebooktwitterreddit