എവർട്ടണെതിരായ മത്സരത്തിന് ശേഷം രോഷത്തോടെ ടണലിലേക്ക് പോയതിന് കാരണം വിശദീകരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

എവർട്ടണെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയതിന് പിന്നാലെ അവരുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രോഷത്തോടെ ടണലിലേക്ക് പോയത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരുന്നു. ടണലിലേക്ക് സ്വയം പിറുപിറുത്ത് കൊണ്ട് റൊണാൾഡോ നടന്നത് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടാൻ കഴിയാത്തതിൽ അദ്ദേഹം എത്ര മാത്രം നിരാശനാണെന്ന് വിളിച്ചു പറഞ്ഞു. ഇപ്പോളിതാ ഈ സംഭവത്തിൽ വിശദീകരണവുമായി റൊണാൾഡോ തന്നെ രംഗത്തെത്തിയിരിക്കുന്നു.
തോൽക്കാനോ സമനില വഴങ്ങാനോ താൻ ഇഷ്ടപ്പെടുന്നില്ലെന്നും, എവർട്ടണെതിരെ സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങിയത് ഒരു പരാജയത്തിന് തുല്യമാണെന്ന് തനിക്ക് അനുഭവപ്പെട്ടെന്നും ചൂണ്ടിക്കാട്ടുന്ന റൊണാൾഡോ, തോൽവികൾ സംഭവിക്കുമ്പോൾ തനിക്ക് തോന്നുന്നതെന്തോ അതാണ് തന്റെ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നതെന്നും കൂട്ടിച്ചേർത്തു. എവർട്ടണെതിരായ മത്സരത്തിന് ശേഷം രോഷാകുലനായി താൻ ടണലിലേക്ക് പോയത് ഇതു കൊണ്ടാണെന്നാണ് റൊണാൾഡോ വ്യക്തമാക്കുന്നത്.
"ഞാൻ തോൽക്കാനോ സമനില വഴങ്ങാനോ ഇഷ്ടപ്പെടുന്നില്ല. എവർട്ടണെതിരെ സ്വന്തം തട്ടകത്തിൽ സമനില വഴങ്ങിയത് എന്നെ സംബന്ധിച്ചിടത്തോളം ഒരു തോൽവിയാണ്. ഒരു പക്ഷേ ഞാൻ തെറ്റായിട്ടാകാം ചിന്തിക്കുന്നത്, എന്നാൽ കരിയറിൽ ഞാൻ എന്നെത്തന്നെ പ്രചോദിപ്പിക്കുകയും, കാര്യങ്ങൾ വിജയിക്കുകയും ചെയ്യുന്ന രീതിയാണിത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകൾക്കായാണ് ഞാൻ കളിക്കുന്നത്."
? Cristiano Ronaldo on the Everton result: “I don't like to lose. [It was a] draw? Draw - but for me, to draw against Everton - who have my whole respect - at home is like a loss.” [Sky Sports]
— UtdDistrict (@UtdDistrict) October 23, 2021
"വിമർശനങ്ങൾ എല്ലായ്പ്പോളും ഇവിടെ നിലനിൽക്കും, ഞാൻ അതിൽ നിന്ന് ഒളിച്ചോടുന്നില്ല. സത്യം പറഞ്ഞാൽ ഞാൻ അത് കാര്യമാക്കുന്നില്ല, കാരണം ഫുട്ബോൾ അങ്ങനെയാണെന്ന് എനിക്കറിയാം. ഞങ്ങൾ പരാജയപ്പെടുമ്പോളുള്ള എന്റെ പ്രതികരണങ്ങൾ, അപ്പോൾ എനിക്ക് തോന്നുന്നതെന്തോ അതായിരിക്കും. ചിലപ്പോൾ ഞാൻ എന്നോട് തന്നെ സംസാരിക്കുന്നു. മിക്കപ്പോളും അത് പോസിറ്റീവായിരിക്കും എന്നാൽ ചിലപ്പോൾ, മത്സരങ്ങളെ ആശ്രയിച്ച് നിങ്ങൾക്ക് അംഗീകരിക്കാൻ കഴുയാത്ത കാര്യങ്ങളാവും ഞാൻ പറയുക."
"പക്ഷേ ഞാൻ എല്ലായ്പ്പോളും അങ്ങനെയാണ്. പ്രായത്തിനനുസരിച്ച് ഇപ്പോൾ ഞാനത് മാറ്റാൻ പോകുന്നില്ല. ഈ ക്ലബ്ബിനായി ഞാൻ എപ്പോളും എന്റെ 100 ശതമാനം നൽകും. എന്റെ പ്രതികരണങ്ങൾ ഞാൻ എന്താണ് എന്നതിന്റെ ഭാഗമാണ്, ഒരാളെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,"സ്കൈ സ്പോർട്സിനോട് സംസാരിക്കവെ റൊണാൾഡോ പറഞ്ഞു.
അതേ സമയം എവർട്ടണെതിരെ ഈ മാസമാദ്യം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ 1-1 എന്ന സ്കോറിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയത്. ഈ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർട്ടിംഗ് ഇലവനിലില്ലാതിരുന്ന റൊണാൾഡോ പിന്നീട് പകരക്കാരനായി കളത്തിലിറങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.