Football in Malayalam

63 വർഷം പഴക്കമുള്ള യുവന്റസ് റെക്കോർഡിനൊപ്പമെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

Jan 14, 2021, 11:09 AM GMT+5:30
Cristiano Ronaldo
Juventus v Sassuolo - Italian Serie A | Soccrates Images/Getty Images
facebooktwitterreddit

മുപ്പത്തിയഞ്ചാം വയസിലും കളിക്കളത്തിൽ ഉജ്ജ്വലമായ പ്രകടനം പുറത്തെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനൊപ്പം നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ് സീരി എയിൽ പതിനാറു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മറ്റൊരു റെക്കോർഡിന്റെ കൂടി ഒപ്പമെത്താൻ പോർച്ചുഗൽ നായകനു കഴിഞ്ഞു. 63 വർഷമായി യുവന്റസിന്റെ മറ്റൊരു താരത്തിനും മറികടക്കാൻ കഴിഞ്ഞിട്ടില്ലാത്ത റെക്കോർഡിനൊപ്പമാണ് റൊണാൾഡോ എത്തിയത്.

സീരി എയിൽ യുവന്റസ് പതിനാറു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ റൊണാൾഡോ ഇതുവരെ നേടിയത് പതിനഞ്ചു ഗോളുകളാണ്. 1957/58 സീസണിൽ ജോൺ ചാൾസ് ഇറ്റാലിയൻ ക്ലബിന് വേണ്ടി ആദ്യ പതിനാറു സീരി എ മത്സരങ്ങളിൽ നിന്നും പതിനഞ്ചു ഗോളുകൾ നേടിയതിനു ശേഷം ആദ്യമായാണ് മറ്റൊരു താരം സമാനമായ നേട്ടം സ്വന്തമാക്കുന്നത്.

എന്നാൽ റൊണാൾഡോയുടെ നേട്ടത്തിന് കൂടുതൽ ആവേശം നൽകുന്നത് മറ്റൊരു കാര്യമാണ്. യുവന്റസ് പതിനാറു മത്സരങ്ങൾ കളിച്ചെങ്കിലും അതിൽ റൊണാൾഡോ കളിച്ചിരുന്നത് പതിമൂന്നു മത്സരങ്ങൾ മാത്രമാണ്. സീസണിനിടക്ക് വെച്ച് കോവിഡ് ബാധിച്ചത് മൂലം താരത്തിന് ഏതാനും മത്സരങ്ങൾ നഷ്ടമായിരുന്നില്ലെങ്കിൽ ഈ റെക്കോർഡ് റൊണാൾഡോ നിഷ്പ്രയാസം മറികടക്കുമായിരുന്നു.

ഈ പ്രായത്തിലും മറ്റു പ്രധാന സ്‌ട്രൈക്കർമാരെയും യുവതാരങ്ങളെയും മറികടന്ന് റൊണാൾഡോ തന്നെയാണ് ലീഗിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പോർച്ചുഗൽ നായകൻ ഇതുവരെ ലീഗിൽ പതിനഞ്ചു ഗോളുകൾ നേടിയപ്പോൾ പന്ത്രണ്ടു ഗോളുകൾ നേടിയ റൊമേലു ലുകാകു, പതിനൊന്നു ഗോളുകൾ നേടിയ സിറോ ഇമ്മൊബിൽ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്.

താരത്തിന്റെ പ്രകടനത്തെ യുവന്റസ് ആശ്രയിക്കുന്നത് സ്വാഭാവികമാണെന്നാണ് പരിശീലകൻ പിർലോ പറയുന്നത്. റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും ടീമിന്റെ നെടുന്തൂണായി നിന്നിരുന്ന റൊണാൾഡോയെ പോലൊരു ചാമ്പ്യൻ ഇത്രയധികം മികവ് കാണിക്കുമ്പോൾ അദ്ദേഹത്തെ ഏതു ടീമും ആശ്രയിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

facebooktwitterreddit