ടോട്ടനത്തിനെതിരായ വിജയത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിമർശകർക്കു മറുപടിയുമായി റൊണാൾഡോ

Sreejith N
Tottenham Hotspur v Manchester United - Premier League
Tottenham Hotspur v Manchester United - Premier League / Visionhaus/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനും കൊള്ളാത്ത ടീമെന്നു വിളിക്കുന്ന വിമർശകർ തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടനത്തിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയതിനു ശേഷം ക്ലബിന്റെ ഒഫിഷ്യൽ വെബ്‌സൈറ്റിനോട് സംസാരിക്കയായിരുന്നു അദ്ദേഹം. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ റൊണാൾഡോയാണ് ടീമിന്റെ ജയത്തിൽ നിർണായക സാന്നിധ്യമായത്.

"വിമർശനങ്ങൾ എല്ലായിപ്പോഴും അവിടെയുണ്ടാകും. പതിനെട്ടു വർഷത്തോളം ഞാൻ ഫുട്ബോൾ കളിച്ചിട്ടുണ്ട് എന്നതു കൊണ്ട് തന്നെ അതെന്നെ ബാധിക്കുന്നേയില്ല. ഒരു ദിവസം ആളുകൾ ഞങ്ങൾ മികച്ചതാണെന്നും മറ്റൊരു ദിവസം ഒന്നിനും കൊള്ളാത്ത ആളുകളാണെന്നും പറയുമെന്ന് എനിക്കറിയാം.അതിനെയെല്ലാം അഭിമുഖീകരിക്കേണ്ടി വരുമെന്നും അറിയാം. എന്നാൽ ആളുകൾ പ്രശംസിക്കുന്നതും നമ്മളാൽ സന്തോഷിക്കുന്നതുമാണ് കൂടുതൽ നല്ലത്."

"ജീവിതം ചിലപ്പോൾ അങ്ങിനെയാണ്, ചില സമയങ്ങളിൽ മോശം നിമിഷങ്ങളിലൂടെ കടന്നു പോകേണ്ടി വരും, ഞങ്ങൾക്കതിൽ നിന്നും മാറ്റം വരണം, ഇന്നതിൽ മാറ്റം വരികയും ചെയ്‌തു. ടീം കുറച്ച് സമ്മർദ്ദത്തിലും വിഷമത്തിലും ആയിരുന്നു. എന്നാൽ ഇന്നു ഞങ്ങൾക്ക് നല്ലൊരു മറുപടി നൽകാൻ കഴിയുമെന്ന് അറിയുകയും ചെയ്യാമായിരുന്നു. ഞങ്ങൾ നന്നായി കളിച്ചു, മത്സരം തുടങ്ങിയതു തന്നെ മികച്ച രീതിയിലായിരുന്നു."

"തീർച്ചയായും എന്റെ ജോലി പരിചയസമ്പത്തും ഗോളുകളും അസിസ്റ്റും കൊണ്ട് ടീമിനെ സഹായിക്കുക എന്നതാണ്. അതു ഞാനിന്നു ചെയ്തു, അതിൽ വളരെ സന്തോഷവുമുണ്ട്. എന്നാൽ ഒരു ടീമെന്ന നിലയിൽ ഇന്നത്തേത് അവിശ്വസനീയമായ പ്രകടനം തന്നെയായിരുന്നു." റൊണാൾഡോ മത്സരത്തിനു ശേഷം പറഞ്ഞു.

മത്സരത്തിൽ ആദ്യ ഗോൾ നേടുകയും രണ്ടാമത്തെ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്‌ത റൊണാൾഡോക്ക് പുറമെ കവാനി, റാഷ്‌ഫോർഡ് എന്നിവരാണ് ടോട്ടനത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. വിജയം നേടിയെങ്കിലും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസിയുമായി എട്ടു പോയിന്റ് പിന്നിലാണ് റെഡ് ഡെവിൾസ്.

facebooktwitterreddit