'എന്റെ ഭാവി തീരുമാനിക്കുന്നത് ഞാൻ തന്നെയായിരിക്കും' - വിരമിക്കല്‍ സംസാരങ്ങൾ തള്ളിക്കളഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിരമിക്കല്‍ സംസാരങ്ങൾ തള്ളിക്കളഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ഭാവി തീരുമാനിക്കുന്നത് താൻ തന്നെയാണെന്ന് വ്യക്തമാക്കിയ റൊണാൾഡോ, ഇനിയും കളിക്കണമെന്നാണ് തോന്നുന്നതെങ്കിൽ അത് ചെയ്യുമെന്നും പറഞ്ഞു.
"എന്റെ ഭാവി തീരുമാനിക്കുന്ന ആൾ അത് ഞാൻ തന്നെയായിരിക്കും," നോര്‍ത്ത് മാസിഡോണിയക്കെതിരെയുള്ള ലോകകപ്പ് യോഗ്യത പ്ലേ ഓഫ് ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
"ഇനിയും കളിക്കാനാണ് തോന്നുന്നതെങ്കിൽ, ഞാന്‍ അത് ചെയ്യും. ഇനിയും കളിക്കാൻ തോന്നുന്നില്ലെങ്കിൽ, ഞാൻ കളിക്കില്ല. എന്റെ ബോസ് ഞാൻ തന്നെയാണ്," റൊണാൾഡോ കൂട്ടിച്ചേർത്തു.
തന്റെ നാല്പതുകളിലും കളിക്കുന്നത് തുടരുമെന്ന സൂചന റൊണാൾഡോ നേരത്തെ നൽകിയിരുന്നു.
നിലവിൽ 37കാരനായ താരം യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഒന്നിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് കളിക്കുന്നത്. യുണൈറ്റഡുമായി 2023 വരെയാണ് താരത്തിന് കരാറുള്ളത്. റൊണാൾഡോയുടെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്.
ഈ സീസണില്‍ സീരീ എ ക്ലബായ യുവന്റസ് വിട്ട് യുണൈറ്റഡിലെത്തിയ റൊണാൾഡോ ചുവന്ന ചെകുത്താന്മാര്ക്ക് വേണ്ടി ഇതുവരെ 18 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണില്‍ മറ്റൊരു യുണൈറ്റഡ് താരത്തിനും ഇത്രയും ഗോളുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
രാജ്യന്തര മത്സരങ്ങളിലും ക്ലബ് മത്സരങ്ങളിലും ഒരുപോലെ തിളങ്ങുന്ന റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ ഗോളുകൾ നേടിയ താരമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.