അർഹിച്ച രണ്ട് പെനാൽറ്റികൾ റൊണാൾഡോക്ക് ലഭിച്ചില്ല; വെസ്റ്റ്ഹാമിനെതിരായ മത്സരത്തിന് ശേഷം തുറന്നടിച്ച് സോൾഷ്യർ

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അർഹിച്ചിരുന്ന രണ്ട് പെനാൽറ്റികൾ നൽകാതിരുന്ന റഫറിയുടെ തീരുമാനത്തെ വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ. മത്സരത്തിൽ 2-1 ന് വിജയിച്ചതിന് ശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കവെയായിരുന്നു ഉറപ്പായിരുന്ന 2 പെനാൽറ്റികൾ തങ്ങൾക്ക് ലഭിക്കാതിരുന്നതിലുള്ള രോഷം സോൾഷ്യർ പ്രകടിപ്പിച്ചത്.
വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ മൂന്ന് തവണയായിരുന്നു റൊണാൾഡോ പെനാൽറ്റിക്കായി അപ്പീൽ ചെയ്തത്. പക്ഷേ അത് പെനാൽറ്റികളെല്ലെന്ന് റഫറി മാർട്ടിൻ അറ്റ്കിൻസ് വിധിയെഴുതുകയായിരുന്നു. എന്നാൽ ഇതിൽ ഒന്നാമത്തെയും, മൂന്നാമത്തെയും അപ്പീലുകളിൽ ഉറപ്പായും പെനാൽറ്റി ലഭിക്കേണ്ടതായിരുന്നുവെന്നാണ് സോൾഷ്യറിന്റെ പക്ഷം. അതിനെതിരെ ആർക്കും
വാദിക്കാൻ പോലും കഴിയില്ലെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.
""ആദ്യത്തെയും മൂന്നാമത്തെയും," റൊണാൾഡോയുടെ ഏതൊക്കെ അപ്പീലുകൾക്കായിരുന്നു പെനാൽറ്റി ലഭിക്കേണ്ടിയിരുന്നത് എന്ന് ചോദിച്ചപ്പോൾ സോൾഷെയർ പറഞ്ഞു. "അത് തീർച്ചയായും പെനാൽറ്റികൾ ആണെന്നും, അതിനെതിരെ വാദിക്കാൻ പോലും കഴിയില്ലെന്നും ഞാൻ കരുതുന്നു. ആദ്യത്തേത്, റൊണാൾഡോ നേരെ ഓടുമ്പോൾ, (വെസ്റ്റ് ഹാം) താരം കാലിടുന്നു. പോളിനെതിരെ (പോഗ്ബ) കർട്ട് സുമക്ക് ഫൗൾ ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ അവൻ തൊട്ടിരുന്നില്ല. പിന്നെ എന്ത് കൊണ്ടാണ് ക്രിസ്റ്റ്യാനോയുടെ മൂന്നാമത്തെ അപ്പീൽ പെനാൽറ്റി അല്ലാത്തത്? 'ക്രിസ്റ്റ്യാനോക്ക് ഒരിക്കലും പെനാൽറ്റി ലഭിക്കില്ല' എന്ന സാഹചര്യമാകില്ല ഇതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." സോൾഷ്യർ പറഞ്ഞു നിർത്തി.
? Solskjær: "[The] first and the last [#mufc penalty shouts], I think they are stonewall and you can't even argue against them." [Sky Sports]
— UtdDistrict (@UtdDistrict) September 19, 2021
അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായി മൂന്നാം മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിനായി വല കുലുക്കിയ മത്സരത്തിൽ ത്രില്ലിംഗ് ജയമായിരുന്നു ടീം നേടിയത്. മത്സരത്തിന്റെ മുപ്പതാം മിനുറ്റിൽ ബെൻറഹ്മ നേടിയ ഗോളിൽ പിന്നിലായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മുപ്പത്തിയഞ്ചാം മിനുറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും, എൺപത്തിയൊൻപതാം മിനുറ്റിൽ ജെസി ലിംഗാർഡും നേടിയ ഗോളുകളിലാണ് വിജയം പിടിച്ചെടുത്തത്. ഇഞ്ചുറി ടൈമിൽ എതിരാളികൾക്ക് ലഭിച്ച പെനാൽറ്റി രക്ഷപെടുത്തിയ ഗോൾകീപ്പർ ഡേവിഡ് ഡിഹിയയും ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.