റൊണാൾഡോ രക്ഷകൻ, താരത്തിന്റെ ഗോളുകളില്ലായിരുന്നെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് എഫിലെ അവസാന സ്ഥാനക്കാർ


മുപ്പത്തിയാറാം വയസിലും മൈതാനത്തെ അർപ്പണബോധം കൊണ്ടും ഏറ്റവും മികച്ച പ്രകടനം കൊണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തം ചുമലിലേറ്റുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു വിട്ടുകൊടുക്കാതെ തന്നെ വീണ്ടും തട്ടകത്തിലെത്തിച്ച റെഡ് ഡെവിൾസിനു തന്റെ ഗോൾവേട്ട കൊണ്ടു പ്രതിഫലം നൽകുകയാണ് പോർച്ചുഗൽ നായകൻ.
ഈ സീസണിലിതു വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി പതിനൊന്നു മത്സരങ്ങൾ കളിച്ച റൊണാൾഡോ അതിൽ നിന്നും ഒൻപതു ഗോളുകളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്. അതിൽ തന്നെ എടുത്തു പറയേണ്ടത് ചാമ്പ്യൻസ് ലീഗിൽ താരം നടത്തുന്ന ഗോളടിവേട്ടയാണ്. നാല് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിയ താരത്തിന്റെ സാന്നിധ്യം കൊണ്ടു മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് എഫിൽ വിയ്യാറയലിനൊപ്പം പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.
ഗ്രൂപ്പ് എഫിൽ അറ്റലാന്റാക്കെതിരെ നടന്ന രണ്ടു മത്സരങ്ങളിലായി മൂന്നു ഗോളുകൾ നേടിയ റൊണാൾഡോ അതിനു പുറമെ യങ് ബോയ്സ്, വിയ്യാറയൽ എന്നിവർക്കെതിരെയാണ് വല കുലുക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നേടിയ എട്ടിൽ അഞ്ചു ഗോളും സ്വന്തമാക്കിയ താരത്തിന്റെ മികവു കൊണ്ട് നാല് മത്സരങ്ങളിൽ നിന്നും രണ്ടു ജയവും ഒരു സമനിലയും സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏഴു പോയിന്റാണുള്ളത്. ഒപ്പം നിൽക്കുന്ന വിയ്യാറയലും ഏഴു പോയിന്റ് നേടിയിട്ടുണ്ട്.
അതേസമയം റൊണാൾഡോയുടെ ഗോളുകൾ ഇല്ലായിരുന്നെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു വിജയം പോലും ഗ്രൂപ്പ് എഫിൽ സ്വന്തമാക്കാൻ കഴിയില്ലായിരുന്നു. രണ്ടു പോയിന്റ് മാത്രം നേടാൻ കഴിയുമായിരുന്ന ക്ലബ് മറ്റെല്ലാവർക്കും പിന്നിൽ അവസാന സ്ഥാനത്തേക്ക് വീണ് കഴിഞ്ഞ സീസണിലേതു പോലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവേണ്ട സാഹചര്യത്തിൽ എത്തിയേനെ.
മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവിയിലോ സമനിലയിലോ നിൽക്കുമ്പോഴാണ് റൊണാൾഡോയുടെ ഗോളുകളിൽ ഭൂരിഭാഗവും വന്നിട്ടുള്ളത്. അറ്റലാന്റക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ടു തവണ ടീമിനെ ഒപ്പമെത്തിച്ച റൊണാൾഡോ അതിനു മുൻപു നടന്ന മത്സരത്തിൽ വിജയഗോളാണ് നേടിയത്. അതിനു മുൻപ് നടന്ന വിയ്യാറയലുമായി നടന്ന മത്സരത്തിലും ടീമിന്റെ ജയം ഉറപ്പിച്ച ഗോൾ നേടാൻ താരത്തിനു കഴിഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനത്തിൽ തന്നെ വിമർശിച്ചവർക്കെല്ലാമുള്ള മറുപടി കൂടിയാണ് ഇപ്പോൾ നടത്തുന്ന ഗംഭീര പ്രകടനത്തിലൂടെ റൊണാൾഡോ നടത്തുന്നത്. ഇതേ ഫോം തുടരാൻ താരത്തിനു കഴിയുകയും സഹതാരങ്ങൾ അതിനൊപ്പം മികച്ചു നിൽക്കുകയും ചെയ്താൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കരുത്തുണ്ടെന്നതിൽ സംശയമില്ല.