Football in Malayalam

ഉയർന്ന വേതനം: റൊണാൾഡോ യുവന്റസ് കരാർ പുതുക്കിയാൽ, ഡി ലൈറ്റിനെ വിൽക്കാൻ ഇറ്റാലിയൻ ക്ലബ് നിർബന്ധിതരായേക്കും

Sreejith N
Olympique Lyon v Juventus - UEFA Champions League Round of 16: First Leg
Olympique Lyon v Juventus - UEFA Champions League Round of 16: First Leg / Jonathan Moscrop/Getty Images
facebooktwitterreddit

ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണെങ്കിലും കോവിഡ് പ്രതിസന്ധി യുവന്റസിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് മൂലം പുതിയ താരങ്ങളെ വേണ്ട രീതിയിൽ സ്വന്തമാക്കാനോ ടീമിനെ ശക്തിപ്പെടുത്താനോ ഈ സീസണിൽ യുവന്റസിന് കഴിഞ്ഞിട്ടില്ല. ഈ സീസണ് പുറമെ അടുത്ത സീസണിലും താരങ്ങളുടെ ട്രാൻസ്ഫറുകളിലും മറ്റു ബിസിനസുകളിലും നിയന്ത്രണങ്ങൾ വരുത്താൻ ഇത് മൂലം യുവന്റസ് നിർബന്ധിതരായേക്കും.

2018ലും 2019ലുമായി രണ്ടു വലിയ ട്രാൻസ്ഫറുകൾ നടത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ, മാത്തിയാസ് ഡി ലൈറ്റ് എന്നിവരെ ക്ലബിലെത്തിക്കാൻ യുവന്റസിന് കഴിഞ്ഞിരുന്നു. ഏതാണ്ട് 180 മില്യൺ യൂറോയോളമാണ് ഈ രണ്ടു താരങ്ങൾക്ക് വേണ്ടി യുവന്റസ് മുടക്കിയത്. ഇതിൽ നൂറു മില്യൺ മുടക്കി ടീമിലെത്തിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ 2022 വരെയുള്ള തന്റെ യുവന്റസ് കരാർ പുതുക്കാനൊരുങ്ങുന്നുണ്ടെന്നാണ് സൂചനകൾ.

എന്നാൽ യുവന്റസുമായുള്ള കരാർ റൊണാൾഡോ പുതുക്കുകയാണെങ്കിൽ അത് ടീമിലെ ഏതെങ്കിലും ഒരു സൂപ്പർതാരത്തിന്റെ കരിയർ അവസാനിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട് . സാമ്പത്തികമായി മെച്ചപ്പെട്ടില്ലെങ്കിൽ റൊണാൾഡോയുടെ ഉയർന്ന വേതനം നൽകാൻ ഒരു താരത്തെ അടുത്ത സീസണിൽ വിൽക്കാൻ യുവന്റസ് നിർബന്ധിതരാകും.

ഇംഗ്ലീഷ് മാധ്യമമായ ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം അയാക്‌സിൽ നിന്നും യുവന്റസ് സ്വന്തമാക്കിയ ഡി ലൈറ്റിനെയാണ് റൊണാൾഡോയെ നിലനിർത്താൻ ഇറ്റാലിയൻ ക്ലബ് ഒഴിവാക്കുക. ഡച്ച് താരത്തിന് ഉയർന്ന വേതനം നൽകുന്നത് ഒഴിവാകുമെന്നതിനു പുറമെ വിൽക്കുമ്പോൾ കനത്ത ട്രാൻസ്ഫർ ഫീസ് ലഭിക്കുമെന്നതും യുവന്റസ് കണക്കു കൂട്ടുന്നു.

ഈ സീസണിൽ മികച്ച പ്രകടനം നടത്തി ഇറ്റാലിയൻ ക്ലബ്ബിനെ മുന്നോട്ടു കൊണ്ടു പോകുന്ന റൊണാൾഡോ കരാർ പുതുക്കാൻ തീരുമാനിച്ചാൽ അത് യുവന്റസ് അംഗീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും ടീമിലെ ഒരു സൂപ്പർതാരത്തെ നഷ്ടപ്പെടുത്തിക്കൊണ്ടായിരിക്കും അതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

facebooktwitterreddit