മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി റൊണാൾഡോ ആഗ്രഹിക്കുന്നത് മുൻ ബാഴ്സലോണ മാനേജറെ


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പരിശീലകനായി ആരാണ് വരേണ്ടതെന്ന കാര്യത്തിൽ റൊണാൾഡോ തന്റെ അഭിപ്രായം പ്രകടിപ്പിച്ചുവെന്നു റിപ്പോർട്ടുകൾ. നിലവിൽ താൽക്കാലിക പരിശീലകനായി ചുമതല ഏറ്റെടുത്ത റാൾഫ് റാങ്നിക്ക് ഈ സീസൺ കഴിയുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉപദേശക വേഷത്തിലേക്ക് മാറുമെന്നിരിക്കെ നിരവധി പരിശീലകരെ ക്ലബ് നേതൃത്വം നോട്ടമിട്ടിട്ടുണ്ട്.
ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ പരിശീലകനായി നാല് പേരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനമായും നോട്ടമിടുന്നത്. എറിക് ടെൻ ഹാഗ്, മൗറീസിയോ പോച്ചട്ടിനോ, യുലെൻ ലോപെടൂയി, ലൂയിസ് എൻറിക്വ എന്നിവരിൽ ഒരാളാവും അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് എത്തുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം ഇംഗ്ലീഷ് മാധ്യമമായ ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ ക്ലബിന്റെ പരിശീലകസ്ഥാനത്തേക്ക് മുൻ ബാഴ്സലോണ മാനേജരായ ലൂയിസ് എൻറിക്വ വരണമെന്നാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്. ബാഴ്സലോണക്കൊപ്പം 2015ൽ ട്രബിൾ സ്വന്തമാക്കിയ ലൂയിസ് എൻറിക്വ നിലവിൽ സ്പെയിൻ ടീമിനെക്കൊണ്ട് വളരെ മികച്ച പ്രകടനം നടത്തിക്കുന്നുണ്ട്.
പ്രധാനമായും യുവതാരങ്ങളെ അണിനിരത്തി എൻറിക്വ ഇറക്കിയ സ്പെയിൻ ടീം കഴിഞ്ഞ സമ്മറിൽ നടന്ന യൂറോ കപ്പിന്റെ സെമി ഫൈനലിൽ എത്തിയിരുന്നു. ഇതിനു പുറമെ ഇക്കഴിഞ്ഞ യുവേഫ നാഷൻസ് ലീഗിന്റെ ഫൈനലിൽ ടീമിനെ എത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ലയണൽ മെസി, നെയ്മർ തുടങ്ങിയ വമ്പൻ താരങ്ങളെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
എന്നാൽ റൊണാൾഡോയുടെ ആഗ്രഹം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എൻറിക്വക്കു വേണ്ടി ശ്രമം നടത്തിയാലും ലോകകപ്പിന് ഏതാനും മാസങ്ങൾ ശേഷിക്കെ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയാൻ അദ്ദേഹം തയ്യാറാവാൻ യാതൊരു സാധ്യതയുമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.