ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലെ പല നിയമങ്ങളും ലംഘിച്ചു; താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇറ്റാലിയൻ മാധ്യമം

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലുണ്ടായിരുന്ന സമയത്ത് അവരുടെ ഡ്രെസ്സിംഗ് റൂമിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്പോർട്ട്. യുവന്റസിലെ മറ്റ് താരങ്ങളെപ്പോലെ പ്രതിരോധ ചുമതലകൾ ഏറ്റെടുക്കാൻ റൊണാൾഡോ തയ്യാറായിരുന്നില്ലെന്നും യുവന്റസിന്റെ ഐക്യം, സമത്വം, വിനയം എന്നീ നിയമങ്ങൾ അദ്ദേഹം തകർത്തുവെന്നുമാണ് ഇറ്റാലിയൻ പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
2018ൽ റൊണാൾഡോ യുവന്റസിലെത്തുന്നതിന് മുൻപ് ടീമിന്റെ ഒന്നാം ചോയിസ് സ്ട്രൈക്കർമാരായ കാർലോസ് ടെവസ്, മരിയോ മാൻസൂക്കിച്ച്, ഗോൺസാലോ ഹിഗ്വെയിൻ എന്നിവരെല്ലാം ടീമിനെ വിജയിപ്പിക്കാൻ പ്രതിരോധത്തിലും തങ്ങളുടേതായ സംഭാവനകൾ നൽകിയിരുന്നതായി ടുട്ടോസ്പോർട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ റൊണാൾഡോയാകട്ടെ ഒരിക്കലും ടീമിന്റെ പ്രതിരോധത്തെ സഹായിക്കാൻ തയ്യാറായില്ലെന്നാണ് അവർ പറയുന്നത്. പോൾ പോഗ്ബ, ആന്ദ്രെ പിർലോ തുടങ്ങിയ ക്ലബ്ബിന്റെ മുൻകാല സൂപ്പർ താരങ്ങൾ ഇങ്ങനെയായിരുന്നില്ലെന്നും ഇറ്റാലിയൻ മാധ്യമം അവകാശപ്പെടുന്നു.
Cristiano Ronaldo 'split Juventus dressing room' and broke club's 'scared law' https://t.co/IDGcsP2bX4
— Irish Sun Sport (@IrishSunSport) October 22, 2021
റൊണാൾഡോ യുവന്റസിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന് ഒരു നിയമവും, മറ്റ് കളിക്കാർക്ക് വേറൊരു നിയമവുമായിരുന്നുവെന്നും ടുട്ടോസ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റൊണാൾഡോയുടെ സാന്നിധ്യം ഡ്രെസ്സിംഗ് റൂമിൽ വിള്ളലുകൾ സൃഷ്ടിക്കാൻ തുടങ്ങിയെന്നും, പ്രധാനമായും അച്ചടക്കത്തിന്റെ കാര്യത്തിലായിരുന്നു അതെന്നും പറയുന്ന ഇറ്റാലിയൻ മാധ്യമം, ആദ്യ ഇലവനിലെ റൊണാൾഡോയുടെ പങ്കാളിത്തം യുവന്റസിനെ ഒതുക്കമുള്ളതാക്കിയെന്നും അവരുടെ പിൻനിരയെ ദുർബലപ്പെടുത്തിയെന്നും കൂട്ടിച്ചേർക്കുന്നു.
അതേ സമയം യുവന്റസിനായി 134 മത്സരങ്ങളിൽ 101 ഗോളുകൾ നേടിയ റൊണാൾഡോയുടെ ആക്രമണ കഴിവുകളെ ഒരിക്കലും ചോദ്യം ചെയ്യാനാകില്ലെന്നും ടുട്ടോസ്പോർട് തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ടീമിന്റെ സ്പിരിറ്റിന് അനുസൃതമായി പൊരുത്തപ്പെടുന്നതിലും, പ്രതിരോധത്തെ സഹായിക്കുന്നതിലും അദ്ദേഹം പരാജയമായിരുന്നുവെന്ന് തന്നെയാണ് അവർ തറപ്പിച്ച് പറയുന്നത്.