റൊണാൾഡോയടക്കം നാല് താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഹോട്ടലിലില്ല, മാഞ്ചസ്റ്റർ ഡെർബി നഷ്‌ടമാകാൻ സാധ്യത

Atletico Madrid v Manchester United - UEFA Champions League
Atletico Madrid v Manchester United - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

ഇന്നു രാത്രി മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള പ്രീമിയർ ലീഗ് പോരാട്ടം നടക്കാനിരിക്കെ സൂപ്പർതാരം റൊണാൾഡോയടക്കം നാല് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ടീം ഹോട്ടലിലില്ലെന്നു റിപ്പോർട്ടുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ, എഡിസൺ കവാനി, ലൂക്ക് ഷാ എന്നീ താരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം താമസിക്കുന്ന ലൗറി ഹോട്ടലിൽ ഇല്ലെന്ന് ലാ ഗസറ്റ ഡെല്ല സ്പോർട്ട് അടക്കം യൂറോപ്പിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ടീം ഹോട്ടലിൽ താരങ്ങളുടെ അസാന്നിധ്യം ഉണ്ടെന്നിരിക്കെ റൊണാൾഡോ മാഞ്ചസ്റ്റർ ഡെർബിയിൽ കളിക്കില്ലെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നുണ്ട്. റൊണാൾഡോക്കൊപ്പം മൂന്നു താരങ്ങളും ടീം ഹോട്ടലിൽ ഇല്ലെന്നതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഈ കളിക്കാർക്കൊന്നും യാതൊരു ശാരീരികപ്രശ്‌നങ്ങളുമുണ്ടെന്ന് ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കവാനി പരിക്കു മാറി ഈ മത്സരത്തിൽ തിരിച്ചു വരവിനായി ഒരുങ്ങുകയായിരുന്നു.

അതേസമയം റൊണാൾഡോയും മറ്റു താരങ്ങളും ടീം ഹോട്ടലിൽ ഇല്ലാത്തതിനാൽ അവർക്ക് ഡെർബി മത്സരം നഷ്‌ടമാകുമോയെന്നു തീർത്തു പറയാൻ കഴിയില്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമം മാർക്ക പറയുന്നത്. ഈ താരങ്ങൾക്ക് ടീം ഹോട്ടലിൽ താമസിക്കാനുള്ള അനുമതി ലഭിക്കാത്തതാവാം ഇതിനു കാരണമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. പരിശീലകൻ റാങ്നിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകളെയും അവർ ഇതിനൊപ്പം ചേർത്തു പറയുന്നു.

പ്രീമിയർ ലീഗിൽ ഇരുപത്തിയേഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി പത്തൊൻപതു പോയിന്റ് വ്യത്യാസത്തിൽ നാലാമതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ താരങ്ങൾക്ക് മത്സരം നഷ്‌ടമായി മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയാൽ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതകളെ അതു വളരെയധികം ബാധിക്കുമെന്നുറപ്പാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.