Football in Malayalam

യുവന്റസുമായി രഹസ്യകരാർ, റൊണാൾഡോയെ ഇറ്റാലിയൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തേക്കും

Sreejith N
Cristiano Ronaldo of Juventus FC looks on during warmup...
Cristiano Ronaldo of Juventus FC looks on during warmup... / Nicolò Campo/GettyImages
facebooktwitterreddit

ഇറ്റാലിയൻ ക്ലബായ യുവന്റസ് നടത്തിയ ട്രാൻസ്‌ഫറുകളിലെ സാമ്പത്തികക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്തുന്നതിന്റെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമെന്നു റിപ്പോർട്ടുകൾ. റയൽ മാഡ്രിഡിൽ നിന്നും റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയ ട്രാൻസ്‌ഫറും അതിനു ശേഷം ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ട്രാൻസ്‌ഫറും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നതാണ്.

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങളുടെ പരിധിക്കുള്ളിൽ വരുന്നതിനു വേണ്ടി റൊണാൾഡോയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ യുവന്റസ് നൽകിയിട്ടുണ്ടെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. ഇതിനു പുറമെ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മൂലം വെട്ടിക്കുറച്ച താരത്തിന്റെ ശമ്പളം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്‌ഫറിനു മുൻപായി നൽകിയ രഹസ്യപാക്കേജിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ടെന്ന് ഇറ്റാലിയൻ മാധ്യമം ലാ ഗസറ്റ ഡെല്ല സ്‌പോർട് വെളിപ്പെടുത്തുന്നു.

കഴിഞ്ഞയാഴ്‌ച യുവന്റസിന്റെ ടുറിനിലെയും മിലാനിലെയും ഓഫീസുകൾ റെയ്‌ഡ്‌ ചെയ്‌ത പോലീസ് താരങ്ങളുടെ കോൺട്രാക്‌റ്റുകൾ, ക്ലബിന്റെ ഇൻവോയ്‌സുകൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവയെല്ലാം പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെ റൊണാൾഡോയേയും ചോദ്യം ചെയ്യേണ്ടി വരുമെന്ന റിപ്പോട്ടുകൾ ഇറ്റലിയിൽ നിന്നും വരുന്നത് സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടാകാനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.

സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കുന്ന ഇറ്റാലിയൻ കൺസ്യൂമർ വാച്ച്ഡോഗുകളായ കോഡാകോൺസ് കുറ്റം തെളിഞ്ഞാൽ യുവന്റസിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. സീരി എയിൽ നിന്നും തരം താഴ്ത്തപ്പെടുന്നതടക്കമുള്ള നടപടികളാണ് യുവന്റസിനെതിരെ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

facebooktwitterreddit