Football in Malayalam

യുവന്റസിൽ വിമർശനമേറ്റു വാങ്ങുന്ന റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയേറുന്നു

Sreejith N
Juventus v FC Porto  - UEFA Champions League Round Of 16 Leg Two
Juventus v FC Porto - UEFA Champions League Round Of 16 Leg Two / Jonathan Moscrop/Getty Images
facebooktwitterreddit

മൂന്നു വർഷങ്ങൾക്കു മുൻപ് ഇറ്റാലിയൻ ലീഗിലെ ഏറ്റവുമുയർന്ന തുകക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് സ്വന്തമാക്കുമ്പോൾ അവരുടെ മുന്നിലുണ്ടായിരുന്ന സ്വപ്‌നം ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു. തുടർച്ചയായി മൂന്നു യൂറോപ്യൻ കിരീടം റയൽ മാഡ്രിഡിനു സ്വന്തമാക്കി കൊടുത്തതിനു പിന്നാലെയാണ് റൊണാൾഡോ ഇറ്റാലിയൻ ടീമിലെത്തിയത് എന്നതുകൊണ്ടു തന്നെ താരത്തിന്റെ സാന്നിധ്യം ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം പൂർത്തിയാക്കാൻ സഹായിക്കുമെന്ന് യുവന്റസ് ആരാധകരും താരങ്ങളും ഉറച്ചു വിശ്വസിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ റൊണാൾഡോ ടീമിലെത്തി മൂന്നാം സീസണിലേക്ക് കടക്കുമ്പോൾ യുവന്റസിന്റെ പ്രകടനം മോശമായി വരികയാണെന്നാണ് സത്യം. റൊണാൾഡോയുടെ ആദ്യ ആദ്യ സീസണിൽ സീരി എയിൽ ആധിപത്യമുണ്ടായിരുന്ന യുവന്റസിന് കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനക്കാരായ ഇന്ററിനേക്കാൾ ഒരു പോയിന്റ് മാത്രമായിരുന്നു കൂടുതലുണ്ടായിരുന്നത്. ഈ സീസണിൽ സീരി എ കിരീടം തന്നെ യുവന്റസിന് വളരെയകലെയാണ്. ചാമ്പ്യൻസ് ലീഗിന്റെ കാര്യമെടു നോക്കുകയാണെങ്കിൽ ഈ മൂന്നു സീസണിൽ യുവന്റസ് ഉണ്ടാക്കിയ പ്രധാന നേട്ടം ക്വാർട്ടർ കളിച്ചുവെന്നതു മാത്രമാണ്.

ചാമ്പ്യൻസ് ലീഗ് നേടാൻ വേണ്ടി റൊണാൾഡോയെ ടീമിലെത്തിച്ചിട്ടും കാര്യമുണ്ടായിട്ടില്ലെന്നതു കൊണ്ടു തന്നെ താരത്തെ യുവന്റസ് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കോവിഡ് മഹാമാരി സാമ്പത്തികമായി ബാധിച്ച യുവന്റസിന് റൊണാൾഡോയുടെ കനത്ത പ്രതിഫലം താങ്ങാൻ കഴിഞ്ഞേക്കില്ലെന്നതും താരത്തെ ഒഴിവാക്കാനുള്ള സാധ്യത വർധിപ്പിക്കുന്ന കാരണമാണ്. എന്തായാലും യുവന്റസ് ഒഴിവാക്കുകയാണെങ്കിൽ റൊണാൾഡോ മുൻ ക്ലബായ റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ വർധിച്ചിരിക്കയാണ്.

കറ്റാലൻ‌ മാധ്യമപ്രവർത്തകനായ ജോസെപ് പെഡ്രെറോൾ സ്‌പാനിഷ്‌ മാധ്യമമായ എൽ ചിരിങ്കുയിറ്റോയോട് പറഞ്ഞതു പ്രകാരം റൊണാൾഡോയെ റയലിലേക്ക് തിരിച്ചെത്തിക്കാൻ വേണ്ടി താരത്തിന്റെ ഏജന്റും റയൽ മാഡ്രിഡ് നേതൃത്വവും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ട്. റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടത് നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളുടെ ഭാഗമായാണെങ്കിലും നിലവിൽ അതെല്ലാം പരിഹരിക്കപ്പെട്ടുവെന്ന് മാർക്കയും റിപ്പോർട്ടു ചെയ്യുന്നു.

ഈ സീസണിൽ നടന്ന എൽ ക്ലാസിക്കോ കാണാൻ റൊണാൾഡോ എത്തിയത് താരവും ക്ലബ് നേതൃത്വവും തമ്മിലുള്ള മഞ്ഞുരുകിയതിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. അതു മാത്രമല്ല, യുവന്റസിലെത്തിയതിനു ശേഷം മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ലെന്നതിനു പുറമെ, താരം പോയതിനു ശേഷം പഴയ ഫോമിന്റെ അരികിലെത്താൻ റയൽ മാഡ്രിഡിനും കഴിഞ്ഞിട്ടില്ലെന്നതു വസ്‌തുതയാണ്‌.

നിലവിലെ സാഹചര്യത്തിൽ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തണമെങ്കിൽ പ്രതിഫലം അടക്കമുള്ള കാര്യങ്ങളിൽ നിരവധി വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നതു കൊണ്ടു തന്നെ ട്രാൻസ്‌ഫർ നടക്കുമെന്ന കാര്യത്തിൽ ഉറപ്പു പറയാൻ കഴിയില്ലെങ്കിലും ഫുട്ബോളിൽ എല്ലാം അപ്രവചനീയമായതു കൊണ്ടു തന്നെ അത്ഭുതങ്ങൾ പലപ്പോഴും സംഭവിക്കുക പതിവാണ്. യുവന്റസിൽ റൊണാൾഡോയുടെ സാഹചര്യം മോശമായിക്കൊണ്ടിരിക്കെ താരം തിരിച്ചെത്തുമെന്നു തന്നെയാണ് റയൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

facebooktwitterreddit