റൊണാൾഡോ നാൽപതാം വയസിലും ഇതേ ഫോമിൽ തുടർന്നാൽ അത്ഭുതമില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷെയർ

Sreejith N
West Ham United v Manchester United - Premier League
West Ham United v Manchester United - Premier League / Craig Mercer/MB Media/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്റെ നാൽപതാം വയസിലും ഫുട്ബോൾ കളത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. വരുന്ന ഫെബ്രുവരിയിൽ മുപ്പത്തിയേഴു വയസു തികയുന്ന താരം തന്റെ ശരീരത്തെ ഏറ്റവും നല്ല രീതിയിൽ തന്നെ നിലനിർത്താൻ വളരെയധികം ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണ് സോൾഷെയർ പറയുന്നത്.

"റൊണാൾഡോ നാൽപതാം വയസിൽ കളിക്കളത്തിൽ തുടർന്നാലും അതൊരിക്കലും എന്നെ ആശ്ചര്യപ്പെടുത്തുന്ന കാര്യമായിരിക്കില്ല. അദ്ദേഹം തന്നെ കാത്തു സൂക്ഷിക്കുന്ന രീതിയാണ് അതിൽ പ്രധാനമായത്, തീർച്ചയായും ജീനുകളും അതിലുണ്ട്. തന്റെ ഊർജ്ജത്തിന്റെയും അധ്വാനത്തിന്റെയും ഓരോ ഭാഗവും ഉപയോഗിച്ചാണ് റൊണാൾഡോ ഇന്നു കാണുന്ന താരമായത്."

"ഒന്നാമതെത്തുമ്പോഴും തന്റെ ശാരീരികാവസ്ഥക്കും താരത്തിനു ലഭിക്കുന്ന ഓരോ പ്രശംസക്കും അദ്ദേഹം അർഹനാണ്. എന്നാൽ അതിശയകരമായ കാര്യം തനിക്കു നേടാൻ കഴിയുന്നിടത്തോളം നേടിയിട്ടും ഇപ്പോഴും അതെ അഭിനിവേശം റൊണാൾഡോയിൽ തുടർന്നു കൊണ്ടിരിക്കുന്നു എന്നതാണ്."

"താരത്തിന്റെ മാനസികാവസ്ഥ ഇപ്പോഴും വ്യക്തമാണ്, അത് ഉള്ളിൽ നിന്നും വരുന്നതാണ്. തന്റെ കാലുകളും തലയും ഇത്രയും മതി, ഞങ്ങൾ നൽകാവുന്നിടത്തോളം നൽകി കഴിഞ്ഞിരിക്കുന്നു എന്നു പറയുന്നതു വരെയും താരം കളിക്കളത്തിൽ തുടരുക തന്നെ ചെയ്യും." മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സോൾഷെയർ വ്യക്തമാക്കി.

അവസാനം നടന്ന കറബാവോ കപ്പ് മത്സരത്തിൽ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനോട് തോറ്റു പുറത്തായിരുന്നു. ഇന്ന് നടക്കാനിരിക്കുന്ന ആസ്റ്റൺ വില്ലയുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ അതിന്റെ ക്ഷീണം മാറ്റാനാണു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. അതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ അവർ വിയ്യാറയലിനെയും നേരിടും.

facebooktwitterreddit