Football in Malayalam

റൊണാൾഡോ അതുല്യൻ, ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന് കളി തുടരാം; ഡാനിലോ പറയുന്നു

Gokul Manthara
Juventus v Spezia Calcio - Serie A
Juventus v Spezia Calcio - Serie A / Claudio Villa./Getty Images
facebooktwitterreddit

റൊണാൾഡോയുടെ പരിധികൾ നിശ്ചയിക്കുന്നത് താരം തന്നെയാണെന്നും, ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന് കളിക്കളത്തിൽ തുടരാൻ കഴിയുമെന്നും യുവന്റസ് താരം ഡാനിലോ‌.‌ കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാർക്കയോട് സംസാരിക്കവെയായിരുന്നു റൊണാൾഡോയെ വാനോളം പ്രശംസിച്ച് മുൻപ് റയൽ മാഡ്രിഡിലും അദ്ദേഹത്തിനൊപ്പം കളിച്ചിട്ടുള്ള ഡാനിലോ രംഗത്തു വന്നത്.

"ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം രണ്ട് വർഷം റയൽ മാഡ്രിഡിൽ കളിച്ചു. ഇപ്പോൾ യുവന്റസിലും കളിക്കുന്നു. പലരും വളരെ ദൂരെ നിന്ന് അവനെ പിന്തുടരുന്നു. എന്നാൽ അവന്റെ കഥയുടെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞു. ഞാൻ അതിൽ അഭിമാനിക്കുന്നു. വിജയിക്കാനുള്ള റൊണാൾഡോയുടെ ആഗ്രഹം അവിശ്വസനീയമാണ്," ഡാനിലോ പറഞ്ഞു.

റോണോ ഇതേ പ്രചോദനത്തോടെ മുന്നോട്ട് പോകുന്നത്രയും കാലം അദ്ദേഹത്തിന് യാതൊരു പരിധികളുമുണ്ടാകില്ലെന്നും സംസാരത്തിനിടെ ഡാനിലോ അഭിപ്രായപ്പെട്ടു.

""ആഗ്രഹിക്കുന്നിടത്തോളം കാലം റൊണാൾഡോക്ക് കളി തുടരാം. ശാരീരികമായി അദ്ദേഹം വളരെ മികച്ചു നിൽക്കുന്നു. 36 വയസുള്ള അദ്ദേഹം എല്ലാ മത്സരങ്ങളും കളിക്കുന്നു. റോണോ വിശ്രമിക്കുന്നില്ല, അല്ലെങ്കിൽ അതിന് ആഗ്രഹിക്കുന്നില്ല. അദ്ദേഹം അതുല്യനാണ്." "

ഡാനിലോ

അതേ സമയം പ്രായം 36 പിന്നിട്ടെങ്കിലും ഇപ്പോളും ലോകഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് റൊണാൾഡോ. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനായി ഗോളുകൾ അടിച്ചു കൂട്ടി മുന്നേറുന്ന താരം 2020-21 സീസണിൽ ഇതു വരെ കളിച്ച 32 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിക്കഴിഞ്ഞു. 20 ഗോളുകളോടെ ഈ സീസൺ സീരി എ യിലെ ടോപ്‌ സ്കോററും റൊണാൾഡോ തന്നെയാണ്

facebooktwitterreddit