Football in Malayalam

സൂപ്പർ ഹീറോയായി ക്രിസ്റ്റ്യാനോ റൊണാൾഡോ; പഴങ്കഥയായത് ഒരു പറ്റം റെക്കോർഡുകൾ

Gokul Manthara
Hungary v Portugal - UEFA Euro 2020: Group F
Hungary v Portugal - UEFA Euro 2020: Group F / Alex Pantling/Getty Images
facebooktwitterreddit

റെക്കോർഡുകളുടെ കളിത്തോഴനെന്ന വിശേഷണം തനിക്ക് വെറുതെ വന്നു ചേർന്നതല്ലെന്ന് വീണ്ടും തെളിയിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ 2020ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ യൂറോ കപ്പിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരിൽ ഒറ്റക്ക് ഒന്നാമതാവാൻ റോണോക്ക് കഴിഞ്ഞു‌. ഇതിനൊപ്പം മറ്റ് ചില റെക്കോർഡുകളും മത്സരത്തിൽ അദ്ദേഹം സ്വന്തമാക്കി‌.

ഹംഗറിക്കെതിരായ മത്സരത്തിൽ കളിക്കാനിറങ്ങിയതോടെ അഞ്ച് യൂറോ കപ്പുകളിൽ കളിക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് റൊണാൾഡോയെത്തേടിയെത്തി. 2004ൽ പോർച്ചുഗൽ ആതിഥേയത്വം വഹിച്ച യൂറോ കപ്പ് മുതൽ പിന്നീട് നടന്ന എല്ലാ യൂറോ ചാമ്പ്യൻഷിപ്പുകളിലും കളിച്ചാണ് റോണോ ഈ റെക്കോർഡിലെത്തിയത്.

ഹംഗറിക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ മുൻ ഫ്രാൻസ് താരം മിഷേൽ പ്ലാറ്റീനിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു റോണോ. എന്നാൽ മത്സരത്തിന്റെ എൺപത്തിനാലാം മിനുറ്റിൽ പെനാൽറ്റിയിൽ നിന്ന് ഹംഗറി വല കുലുക്കിയ താരം യൂറോയിലെ ഗോൾവേട്ടയിൽ ഒറ്റക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു‌. പിന്നീട് ഒരു ഗോൾ കൂടി നേടി യൂറോ കപ്പിലെ തന്റെ മൊത്തം ഗോൾ നേട്ടം 11 ആക്കി ഉയർത്താനും പോർച്ചുഗീസ് നായകനായി.

ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിൽ പോർച്ചുഗലിനായി വല കുലുക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനെന്ന റെക്കോർഡും ഹംഗറിക്കെതിരായ മത്സരത്തിനിടെ റോണോ സ്വന്തമാക്കി. 2018ലെ ഫിഫ ലോകകപ്പിൽ 35 വർഷവും, 124 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടി പെപ്പെ സ്ഥാപിച്ച റെക്കോർഡായിരുന്നു റോണോ പഴങ്കഥയാക്കിയത്. ഹംഗറിക്കെതിരെ ഇരട്ട ഗോൾ നേടുമ്പോൾ 36 വർഷവും 130 ദിവസവുമാണ് റോണോയുടെ പ്രായം.

അതേ‌ സമയം റൊണാൾഡോ പലവിധ റെക്കോർഡുകൾ തിരുത്തിക്കുറിച്ച മത്സരത്തിൽ ഹംഗറിക്കെതിരെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് പോർച്ചുഗൽ വിജയിക്കുകയായിരുന്നു‌. റാഫേൽ ഗുറേറോ ടീമിന്റെ ഗോൾ സ്കോറിംഗ് തുടങ്ങി വെച്ച മത്സരത്തിൽ റോണോയുടെ ഇരട്ട ഗോളുകൾ പറങ്കിപ്പടയുടെ വിജയം ഉറപ്പിക്കുകയായിരുന്നു‌.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit