അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പുരുഷതാരമായി റൊണാൾഡോ

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പുരുഷതാരമായി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.
അയർലൻഡിന് എതിരെ പോർച്ചുഗൽ 2-1ന്റെ വിജയം കരസ്ഥമാക്കിയ ലോകകപ്പ് യോഗ്യത മത്സരത്തിൽ പറങ്കിപ്പടയുടെ ഇരു ഗോളുകളും നേടിയ താരം, ഇതോടെ തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 111 ആയി ഉയർത്തി. 109 ഗോളുകൾ നേടിയിട്ടുള്ള ഇറാനിയൻ ഇതിഹാസം അലി ദായിയെയാണ് റൊണാൾഡോ ഇതോടെ മറികടന്നത്.
അയർലൻഡിന് എതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരം, 89, 90+6 മിനിറ്റുകളിലാണ് പോർച്ചുഗലിന് വേണ്ടി വലകുലുക്കിയത്.
45ആം മിനുറ്റിൽ ജോൺ ഈഗൻ നേടിയ ഗോളിലൂടെ മുന്നിലെത്തിയ അയർലൻഡ് ഒരു അപ്രതീക്ഷിത വിജയത്തോടടുക്കുമ്പോഴാണ് റൊണാൾഡോ പോർച്ചുഗലിന്റെ സമനില ഗോൾ നേടിയത്. ഗോൺസാലോ ഗുയിഡസിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോർച്ചുഗലിന് വേണ്ടിയുള്ള തന്റെ 110ആം ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്തിന്റെ ആറാം മിനുറ്റിലാണ് റൊണാൾഡോയുടെ രണ്ടാമത്തെയും പോർച്ചുഗലിന്റെ വിജയഗോളും പിറന്നത്. ജോവോ മരിയ നൽകിയ ക്രോസിൽ നിന്ന് മറ്റൊരു ഹെഡറിലൂടെ അയർലൻഡ് വലകുലുക്കി പോർച്ചുഗലിന് ഒരു അവസാനനിമിഷ വിജയം സമ്മാനിച്ച റൊണാൾഡോ, അതിനൊപ്പം ചരിത്രത്തിലേക്ക് കൂടിയാണ് നടന്നുകയറിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.