Football in Malayalam

സഹതാരങ്ങളോട് യാത്ര പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ, യുവന്റസ് വിടുന്നതിനോടടുത്ത് പോർച്ചുഗീസ് താരം

Ali Shibil Roshan
Cristiano Ronaldo
Cristiano Ronaldo / MIGUEL MEDINA/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കിടെ തന്റെ യുവന്റസ് സഹതാരങ്ങളോട് ക്രിസ്റ്റ്യാനോ റൊണാൾഡോ യാത്ര പറഞ്ഞതായി റിപോർട്ടുകൾ.

യുവന്റസിന്റെ ട്രെയിനിങ് കോംപ്ലക്സ് ആയ കോണ്ടിനസ്സയിൽ ഇന്ന് രാവിലെ എത്തിയ റൊണാൾഡോ ക്ലബ് വിടുന്നതിന് മുന്നോടിയായി സഹതാരങ്ങളോടെ യാത്ര പറയുകയും, 40 മിനുറ്റുകൾക്ക് ശേഷം അവിടം വിടുകയും ചെയ്‌തെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു.

യുവന്റസുമായി 2022 ജൂലൈ അവസാനം വരെ കരാറുള്ള റൊണാൾഡോ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടാനാണ് ആഗ്രഹിക്കുന്നത്. താരം ഇക്കാര്യം യുവന്റസിനോട് പറഞ്ഞതായി യൂറോപ്പിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേ സമയം, റൊണാൾഡോക്ക് വേണ്ടി സിറ്റി ഔദ്യോഗികമായി ബിഡ് ഇത് വരെയും സമർപ്പിച്ചിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള വ്യക്തിഗത വ്യവസ്ഥകൾ താരം അംഗീകരിച്ചിട്ടുണ്ടെന്ന് ഇൻഡിപെൻഡന്റ് ഉൾപ്പെടെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ട്രാൻസ്ഫർ ഫീ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും തമ്മിൽ ഇത് വരെ ധാരണയില്ലെത്തിയിട്ടില്ല. റൊണാൾഡോയെ സ്വന്തമാക്കണമെങ്കിൽ ട്രാൻസ്ഫർ ഫീയായി 28-30 മില്യൺ യൂറോ മാഞ്ചസ്റ്റർ സിറ്റി മുടക്കണമെന്നാണ് യുവന്റസിന്റെ നിലപാട്.

റൊണാൾഡോയുടെ ഏജന്റ് ആയ ജോർജ് മെൻഡസിനോട് ചർച്ച ചെയ്തതിന് ശേഷം താരത്തിന് വേണ്ടി 30 മില്യൺ യൂറോക്ക് അടുത്തുള്ള ഒരു ഓഫർ യുവന്റസിന് സിറ്റി സമർപ്പിക്കുമെന്ന് ജിയാൻലൂക്ക ഡി മാർസിയോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ, റൊണാൾഡോയുടെ ഭാവി സംബന്ധിച്ചുള്ള അനിശ്ചിതത്വം വരുന്ന മണിക്കൂറുകളിലോ ദിവസങ്ങളിലോ അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit