Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രതാപകാലത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് അലൻ ഷിയറർ

By Gokul Manthara
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Eurasia Sport Images/GettyImages
facebooktwitterreddit

കഴിഞ്ഞയാഴ്ച ടോട്ടൻഹാം ഹോട്സ്പറിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രതാപകാലത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് ഇംഗ്ലീഷ് ഇതിഹാസം അലൻ ഷിയറർ. ഇക്കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ഉജ്ജ്വല ഫോമിൽ ടീമിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹം പ്രതാപകാലത്തെ ഓർമ്മപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നതെന്ന് ഷിയറർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

നേരത്തെ ചിരവൈരികളായ ലിവർപൂളിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മറുപടിയില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആരാധകർക്കിടയിൽ നിന്ന് പോലും കടുത്ത വിമർശനം ഉയർന്നപ്പോളായിരുന്നു ടോട്ടനത്തിനെതിരെ അവരുടെ മിന്നും വിജയം പിറക്കുന്നത്. യുണൈറ്റഡ് 3-0ന് വിജയം നേടിയ ഈ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും നേടി ശ്രദ്ധേയ പ്രകടനമായിരുന്നു റൊണാൾഡോ കാഴ്ച വെച്ചത്.

"മാഞ്ചസ്റ്റർ യുണൈറ്റഡിന് അവനെ ഏറ്റവുമധികം ആവശ്യമുണ്ടായിരുന്നപ്പോൾ, ഒരു മികച്ച വോളിയിലൂടെ തന്റെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങിയെത്തി‌. പല‌ കളിക്കാർക്കും അത് സ്കോർ ചെയ്യാൻ കഴിയുമായിരുന്നില്ല. കൂടെ കവാനിക്ക് ഒരു അസിസ്റ്റും നൽകി," പ്രീമിയർ ലീഗ് മാച്ച് വീക്ക് 10ലെ ടീമിനെ തിരഞ്ഞെടുക്കുന്നതിനിടെ അലൻ ഷിയറർ പറഞ്ഞു.

അതേ സമയം, ടോട്ടനത്തിനെതിരെ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച റൊണാൾഡോ കഴിഞ്ഞ ദിവസം അറ്റലാന്റക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഇരട്ട ഗോളുകൾ നേടി ടീമിന്റെ രക്ഷകനായിരുന്നു‌. റോണോയുടെ ഗോളുകളായിരുന്നു ഈ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില സമ്മാനിച്ചത്. 12 വർഷത്തെ ഇടവേളക്ക് ശേഷം ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ റൊണാൾഡോക്ക് മികച്ച റെക്കോർഡാണ് 2021-22 സീസണിലുള്ളത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 11 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകളും ഒരു അസിസ്റ്റും ഇതിനകം നേടിക്കഴിഞ്ഞു.


facebooktwitterreddit