റാൽഫ് റാങ്നിക്കിനോട് ഫോർമേഷൻ മാറ്റാൻ ആവശ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താല്‍ക്കാലിക പരിശീലകന് റാല്‍ഫ് റാങ്നിക്കിനോട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിന്റെ ഫോർമേഷൻ മാറ്റാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 12ന് നടന്ന, 1-1ന്റെ സമനിലയിൽ കലാശിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്-സൗത്താംപ്ടൺ പ്രീമിയർ ലീഗ് മത്സരത്തിന് ശേഷം നടന്ന കൂടിക്കാഴ്ചയിലാണ് റാങ്നിക്കിനോട് റൊണാൾഡോ ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ദി അത്ലറ്റിക്കാണ് റാങ്നിക്കിനോട് ഫോർമേഷൻ മാറ്റാന്‍ റൊണാൾഡോ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഈ സീസണില്‍ യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ സമയത്ത് ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്ക് കീഴില്‍ റൊണാൾഡോ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാല്‍ റാങ്നിക്ക് എത്തിയത് മുതല്‍ പോര്‍ച്ചുഗീസ് താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ല.
സോള്‍ഷ്യാറിന് കീഴിൽ മിക്കപ്പോഴും 2 സ്ട്രൈക്കർമാരെ വെച്ചുള്ള ഫോര്മേഷന് ആണ് ചുവന്ന ചെകുത്താന്മാർ നടപ്പാക്കിയിരുന്നത്. അത് നടപ്പാക്കണമെന്നാണ് റാങ്നിക്കിനോട് റൊണാൾഡോ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്നില്‍ തനിക്കൊപ്പം ഒരാളെകൂടി കളിപ്പിച്ചെങ്കില് മാത്രമേ ആവശ്യത്തിന് പന്തുകള്‍ ലഭിക്കൂവെന്നാണ് പോർച്ചുഗീസ് താരത്തിന്റെ വാദം.
നിലവിൽ റാങ്നിക്ക് നടപ്പിലാക്കുന്ന 4-2-3-1 ഫോർമേഷനിൽ പലപ്പോഴും റൊണാൾഡോക്ക് കാര്യമായ നീക്കങ്ങളൊന്നും നടത്താന്‍ കഴിയുന്നില്ല. ക്ലബിലെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്നതിനായിരുന്നു സതാംപ്ടണിന് എതിരെയുള്ള സമനിലേക്ക് ശേഷം റൊണാൾഡോ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളുമായി റാങ്നിക്ക് സംസാരിച്ചത്.
ഈ ആഴ്ച നടന്ന ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടപ്പോഴും റൊണാൾഡോക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.