റൊണാൾഡോ ടൂറിനിൽ തിരിച്ചെത്തി, ഈയാഴ്ച യുവന്റസിനൊപ്പം പരിശീലനം നടത്തുമെന്ന് സൂചന

യുവന്റസ് ആരാധകരുടെ ആശങ്കകൾക്ക് അവസാനമിട്ടു കൊണ്ട് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടൂറിനിലെത്തി. യൂറോ കപ്പിന് ശേഷം മയ്യോർക്കയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിച്ചിരുന്ന താരം ഇന്ന് സ്വകാര്യ വിമാനത്തിലാണ് ടൂറിനിൽ പറന്നിറങ്ങിയത്. അടുത്തയാഴ്ച മുതൽ റോണോ യുവന്റസിലെ തന്റെ സഹ താരങ്ങൾക്കൊപ്പം പരിശീലനം പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
യുവന്റസുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുള്ള റൊണാൾഡോ ഈ സമ്മറിൽ ക്ലബ്ബ് വിട്ടേക്കുമെന്നുള്ള സൂചനകൾ നേരത്തെ ശക്തമായിരുന്നു. കഴിഞ്ഞ സീസൺ അവസാനിച്ചത് മുതൽ താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ യുവന്റസിന്റെ വൈസ് പ്രസിഡന്റായ പവൽ നെദ്വദ്, റോണോ യുവന്റസിൽ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ആരാധകർക്ക് സമ്മാനിച്ച ആശ്വാസവും വളരെ വലുതായിരുന്നു. ഇതിന് പിന്നാലെയാണ് താരം ടൂറിനിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
Cristiano Ronaldo arrives back in Turin ahead of return to Juventus training https://t.co/1cNqnNJMzr
— TODAY (@todayng) July 25, 2021
അതേ സമയം ടൂറിനിലെത്തിയിരിക്കുന്ന റൊണാൾഡോ തിങ്കളാഴ്ച വൈദ്യ പരിശോധനകൾക്ക് വിധേയനാകുമെന്നാണ് കരുതപ്പെടുന്നത്. പരിശോധനയിൽ പൂർണ ആരോഗ്യവാനാണെന്ന് വ്യക്തമാവുകയാണെങ്കിൽ ഈയാഴ്ച താരം യുവന്റസ് താരങ്ങൾക്കൊപ്പം പരിശീലനത്തിനുമിറങ്ങും.
#CR7 è atterrato a Torino: domani è atteso alla Continassa // CR7 has landed in Turin: he is expected at Continassa tomorrow ??? @Goalitalia @Goal pic.twitter.com/go311pIDWY
— Romeo Agresti (@romeoagresti) July 25, 2021
നേരത്തെ 2018 ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലെത്തുന്നത്. കഴിഞ്ഞ 3 സീസണുകളിലും ക്ലബ്ബിനായി ഉജ്ജ്വല പ്രകടനം പുറത്തെടുത്ത റോണോ, അവർക്കായി കളിച്ച 101 മത്സരങ്ങളിൽ 101 ഗോളുകൾ നേടിയതിനൊപ്പം 22 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.