Football in Malayalam

പരിശീലനത്തിനിടെ എല്ലാ ഫ്രീകിക്കുകളും റൊണാൾഡോ ഗോളാക്കുന്നു,മത്സരത്തിൽ നിർഭാഗ്യം അതിന് തടസമാകുന്നുവെന്ന് പിൻസോഗ്ലിയോ

Gokul Manthara
Hellas Verona FC v Juventus - Serie A
Hellas Verona FC v Juventus - Serie A / Alessandro Sabattini/Getty Images
facebooktwitterreddit

പരിശീലനത്തിനിടെ എടുക്കുന്ന ഫ്രീകിക്കുകളെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളാക്കി മാറ്റുന്നുണ്ടെന്നും എന്നാൽ മത്സരങ്ങളിലേക്ക് വരുമ്പോൾ നിർഭാഗ്യം അദ്ദേഹത്തിന് ഫ്രീകിക്ക് ഗോളുകൾ നേടുന്നതിന് വിനയാകുന്നുവെന്നും ഇറ്റാലിയൻ ക്ലബ്ബായ‌‌ യുവന്റസിന്റെ ബാക്കപ്പ് ഗോൾകീപ്പറായ കാർലോ പിൻസോഗ്ലിയോ. യുവന്റസ് ജേഴ്സിയിൽ ഫ്രീകിക്ക് ഗോളുകൾ നേടാൻ റോണോ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് നിർഭാഗ്യമാകാം അതിന് കാരണമെന്ന് വെളിപ്പെടുത്തി പിൻസോഗ്ലിയോ രംഗത്തെത്തിയിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമായ ടുട്ടോസ്പോർടിനോട് സംസാരിക്കവെയായിരുന്നു ഇറ്റാലിയൻ ഗോൾകീപ്പറായ പിൻസോഗ്ലിയോ ഇക്കാര്യത്തിൽ മനസ് തുറന്നത്.

മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിലും, റയൽ മാഡ്രിഡിലും കളിച്ചു കൊണ്ടിരുന്ന സമയത്ത് ഫ്രീ കിക്ക് ഗോളുകൾ നേടുന്നതിൽ അഗ്രഗണ്യനായിരുന്ന റൊണാൾഡോയ്ക്ക് പക്ഷേ യുവന്റസിലെത്തിയതിന് ശേഷം ആ കഴിവ് കൈകൈമോശം വന്നിരുന്നു.‌ 2018 ൽ ഇറ്റാലിയൻ ക്ലബ്ബിലെത്തിയ താരം 72 ഫ്രീകിക്കുകൾ യുവന്റസ് ജേഴ്സിയിൽ എടുത്തെങ്കിലും ഒരു തവണ ‌മാത്രമാണ് ഗോൾ വല കുലുക്കാനായത്. എന്നാൽ ഫ്രീകിക്കുകൾ ഗോളാക്കി മാറ്റാനുള്ള മികവ് റോണോയ്ക്ക് നഷ്ടമായിട്ടില്ലെന്നും മത്സരങ്ങളിലേക്ക്
വരുമ്പോൾ നിർഭാഗ്യം അതിന് തടസമാകുമെന്നുമാണ് യുവന്റസിന്റെ മൂന്നാം നമ്പർ ഗോൾകീപ്പറായ പിൻസോഗ്ലിയോയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

"ക്രിസ്റ്റ്യാനോ പരിശീലനത്തിനിടെ സ്ഥിരമായി ഫ്രീകിക്കുകൾ എടുക്കുകയും അത് ഗോളാക്കി മാറ്റുകയും ചെയ്യുന്നു.‌ എന്തു കൊണ്ടാണ്‌ മത്സരങ്ങളിൽ അദ്ദേഹത്തിന് ഫ്രീ കിക്ക് ഗോളുകൾ നേടാൻ കഴിയാത്തത് എന്നെനിക്കറിയില്ല. ഒരു പക്ഷേ നിർഭാഗ്യം മൂലമാകാം ഇത്.‌ എനിക്ക് റൊണാൾഡോയുമായി മികച്ച സൗഹൃദമുണ്ട്. അദ്ദേഹം ചിരിക്കാനും തമാശ പറയാനും ഇഷ്ടപ്പെടുന്ന‌ വളരെ ലളിതനായ ആളാണ്.‌" പിൻസോഗ്ലിയോ പറഞ്ഞു നിർത്തി.

അതേ‌ സമയം പ്രായം‌ മുപ്പത്തിയാറ് പിന്നിട്ടെങ്കിലും റൊണാൾഡോയുടെ പ്രകടനത്തിലോ, ഗോളടി മികവിലോ ഒരു താഴ്ചയും വന്നിട്ടില്ല. 2020-21 സീസണിൽ കളിച്ച 34 മത്സരങ്ങളിൽ 30 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയ റോണോ, 23 ഗോളുകളുമായി നിലവിൽ സീരി എ യിലെ ടോപ്‌ സ്കോറർ കൂടിയാണ്.

facebooktwitterreddit