Football in Malayalam

റൊണാൾഡോയുടെ ഒരേയൊരു ആഗ്രഹം മെസിയെക്കാൾ ബാലൺ ഡി ഓർ നേടി വിരമിക്കുകയെന്നാണെന്ന് പാസ്‌കൽ ഫെരെ

Sreejith N
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/GettyImages
facebooktwitterreddit

ലയണൽ മെസിയെക്കാൾ ബാലൺ ഡി ഓർ നേടുകയെന്ന ലക്ഷ്യം ക്രിസ്റ്റ്യാനോ റൊണാൾഡൊക്കുണ്ടെന്ന് ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ എഡിറ്റർ ഇൻ ചീഫായ പാസ്‌കൽ ഫെരെ. റൊണാൾഡോ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അതു സ്വന്തമാക്കി കഴിഞ്ഞതിനു ശേഷം വിശ്രമിക്കുക എന്നതാണ് താരത്തിന്റെ ഒരേയൊരു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബോൾ ലോകത്തെ സമുന്നത പുരസ്‌കാരമായി കരുതപ്പെടുന്ന ബാലൺ ഡി ഓർ ഏറ്റവുമധികം തവണ നേടിയിട്ടുള്ള താരങ്ങളാണ് മെസിയും റൊണാൾഡോയും. റൊണാൾഡോ അഞ്ചു തവണ പുരസ്‌കാരം നേടിയപ്പോൾ മെസി ആറു തവണ ഈ നേട്ടം സ്വന്തമാക്കി. മെസിക്ക് തുല്ല്യമായി സാധ്യത കൽപ്പിക്കപ്പെടുന്ന 2021 ബാലൺ ഡി ഓർ പുരസ്‌കാരം തിങ്കളാഴ്‌ച പ്രഖ്യാപിക്കാനിരിക്കെയാണ് പാസ്‌കൽ ഫെരെയുടെ വെളിപ്പെടുത്തൽ.

"റൊണാൾഡോക്ക് ഒരേയൊരു ആഗ്രഹം മാത്രമേയുള്ളൂ, അത് മെസിയേക്കാൾ കൂടുതൽ ബാലൺ ഡി ഓറുകൾ നേടി വിരമിക്കുക എന്നതാണ്. ഇതെനിക്കറിയാവുന്നത് താരം എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട് എന്നതു കൊണ്ടാണ്," ന്യൂയോർക്ക് ടൈംസിനോട് ഫെരെ പറഞ്ഞു. ബാലൺ ഡി ഓർ വിജയിക്കുന്ന കാര്യത്തിൽ മെസിയും റൊണാൾഡോയും തമ്മിൽ വളരെ കടുത്ത മത്സരം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

"അത് പണവുമായി ബന്ധപ്പെട്ടതല്ല, ട്രോഫി മാത്രമാണ്. അതൊരെണ്ണം ഉണ്ടായാൽ ചരിത്രത്തിൽ ഇടം പിടിക്കാനാവും. മെസിയുടെയും റൊണാൾഡോയുടെയും കണക്കുകൾ പരിശോധിച്ചാൽ അവർ വോട്ടിങ് നടക്കുന്ന. സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിൽ ധാരാളം ഗോളുകൾ നേടുന്നതായി കാണാം. അത് യാദൃശ്ചികതയല്ല," ഫെരെ വ്യക്തമാക്കി.

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം മെസിയാണ് നേടുന്നതെങ്കിൽ റൊണാൾഡോയുടെ ആഗ്രഹം നടക്കാനുള്ള സാധ്യത വളരെക്കുറവാണ്. അങ്ങിനെ സംഭവിച്ചില്ലെങ്കിൽ മാത്രമേ റൊണാൾഡോക്ക് തന്റെ ആഗ്രഹം നിറവേറ്റാൻ കഴിയൂ. അതേസമയം തന്റെ ലക്ഷ്യത്തിനായി ഈ പ്രായത്തിലും വാശിയോടെ കളിക്കളത്തിൽ തുടരുന്ന റൊണാൾഡോയുടെ നിശ്ചയദാർഢ്യത്തെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല.


facebooktwitterreddit