റയൽ മാഡ്രിഡുമായുള്ള 'പൊളിഞ്ഞ പാലം വീണ്ടും പണിഞ്ഞ്' റൊണാൾഡോ; താരം ലക്ഷ്യമിടുന്നത് തിരിച്ചുവരവോ?

Nov 22, 2020, 10:34 AM GMT+5:30
Cristiano Ronaldo
Cristiano Ronaldo | Soccrates Images/Getty Images
facebooktwitterreddit

വമ്പൻ പ്രതിഫലത്തുകയുള്ള പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് അടുത്ത സീസണിൽ ക്ലബ്ബിൽ നിന്ന് ഒഴിവാക്കുമെന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് റിപ്പോർട്ടുകൾ വന്നത്. ഇതിന് പിന്നാലെ പല വമ്പൻ ക്ലബ്ബുകളും റോണോക്ക് പിന്നാലെയുണ്ടെന്ന് വാർത്തകൾ ഉയർന്നു.

യുവന്റസ് വിടേണ്ടി‌ വന്നാൽ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോകുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിന് ശക്തി പകരുന്നത് താരവും ക്ലബും തമ്മിൽ നിലവിലുള്ള ബന്ധമാണ്. നേരത്തെ 2018ൽ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയതോടെ സ്പാനിഷ് ക്ലബ്ബുമായുള്ള ബന്ധങ്ങളെല്ലാം റോണോ വിച്ഛേദിച്ചിരുന്നതായും, എന്നാൽ കഴിഞ്ഞ മാർച്ചിലെ എൽ ക്ലാസിക്കോ കാണാൻ സാന്റിയാഗോ ബെർണബ്യൂവിൽ ഒരു സീറ്റ് തരണമെന്ന് ഫ്ലോറന്റീനോ പെരസിനോട് അദ്ദേഹം ആവശ്യപ്പെട്ടതോടെ താരം വീണ്ടും ക്ലബ്ബുമായി മികച്ച ബന്ധത്തിലായെന്നും പ്രമുഖ സ്പാനിഷ് പത്രമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നുണ്ട്.

റൊണാൾഡോ റയൽ വിട്ടതിന് ശേഷം റയൽ സഹതാരങ്ങളായിരുന്നവരിൽ മാഴ്‌സെലോ മാത്രമാണ് താരവുമായി ബന്ധം പുലർത്തിയിരുന്നത് എന്നാണ് പറയപ്പെട്ടിരുന്നതെന്നും, എന്നാൽ ഇക്കഴിഞ്ഞ മാസങ്ങളിൽ ആ സ്ഥിതി മാറിയിട്ടുണ്ടെന്നും മാർക്ക പറയുന്നു.

റയലുമായുള്ള റൊണാൾഡോയുടെ ബന്ധത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് തന്നെയാണ് സ്പാനിഷ് മാധ്യമം വ്യക്തമാക്കുന്നത്. റയൽ വിട്ടപ്പോൾ പൊളിഞ്ഞ പാലം താരം വീണ്ടും പണിഞ്ഞതായാണ് കാണുന്നതെന്നും മാർക്ക ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, താരത്തിന്റെ തിരിച്ചുവരവ് റയൽ ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

നേരത്തെ 2009ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയ റൊണാൾഡോ 9 സീസണുകളിലാണ് അവർക്കായി പന്തു തട്ടിയത്. ഈ കാലയളവിൽ ടീമിനൊപ്പം രണ്ട് ലാലീഗ, രണ്ട് ലീഗ് കപ്പ്, നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എന്നിവയിൽ റോണോ മുത്തമിട്ടു.

റയൽ വിട്ട് യുവന്റസിലെത്തിയ റോണോ അവിടെയും മികച്ച ഫോമിലാണെങ്കിലും, ക്ലബ്ബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയാണ് താരത്തിന്റെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയരാൻ കാരണം. കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ റോണോയുടെ വൻ ശമ്പളത്തുക കൂടി കണ്ടെത്തേണ്ടി വരുന്നത് ഇറ്റാലിയൻ ക്ലബ്ബിനെ ഞെരുക്കത്തിലാക്കിയിട്ടുണ്ട്‌ എന്നാണ് പറഞ്ഞ് കേൾക്കുന്നത്.

അതേ സമയം, യുവന്റസ് വിടാൻ റൊണാൾഡോ തീരുമാനിച്ചാൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, പി എസ് ജി എന്നിവർക്ക് പോർച്ചുഗീസ് സൂപ്പർതാരത്തിൽ കണ്ണുണ്ടെന്നാണ് സൂചനകൾ. റോണാൾഡോയെ പി എസ് ജി ടീമിലെത്തിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് കഴിഞ്ഞയാഴ്ച പി എസ് ജി യുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയണാഡോ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

facebooktwitterreddit