റൊണാൾഡോയെ ഒഴിവാക്കി റോമക്കെതിരെയുള്ള യുവന്റസിന്റെ സ്‌ക്വാഡ്; ഗോൾഡൻ ഷൂ ഉറപ്പിച്ച് സിറോ ഇമ്മൊബിൽ

Cagliari Calcio v Juventus - Serie A
Cristiano Ronaldo | Emanuele Perrone/Getty Images

ഈ സീസണിലെ തങ്ങളുടെ അവസാനത്തെ ലീഗ് മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് യുവന്റസ്. എ എസ് റോമക്കെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ താരത്തിന്റെ യൂറോപ്യൻ ഗോൾഡൻ ഷൂ പ്രതീക്ഷകളാണ് അസ്തമിച്ചത്. അതിനാൽ തന്നെ, ലാസിയോ മുന്നേറ്റനിര താരം സിറോ ഇമ്മൊബിൽ ഇറ്റാലിയൻ ലീഗിലെ ടോപ് സ്‌കോറർ ആകുമെന്നും, യൂറോപ്യൻ ഗോൾഡൻ ഷൂ കരസ്ഥമാക്കുമെന്നും ഉറപ്പായി.

ഇറ്റാലിയൻ സീരി എ കിരീടം നേരത്തെ തന്നെ ഉറപ്പിച്ച യുവന്റസ്, റൊണാൾഡോയെ കൂടാതെ പ്രതിരോധനിര താരം ഡി ലിറ്റിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ ലിയോണിനെതിരെയുള്ള മത്സരം മുന്നിൽക്കണ്ടാണ് ഈ തീരുമാനമെന്നാണ് സൂചന. പരിക്കേറ്റ ഡഗ്ലസ് കോസ്റ്റ, പോളോ ഡിബാല, സാമി ഖെദീര എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

അതേ സമയം, പരിക്കേറ്റ് കളത്തിന് പുറത്തായിരുന്നു ഡെമിറാൽ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ജോർജോ കില്ലീനിയുമുണ്ട് റോമക്കെതിരെയുള്ള യുവന്റസ് ടീമിൽ.