ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അർജന്റീന ടീമിൽ നിന്നും റൊമേരോ പുറത്ത്; ഡിബാല, സൂളെ, സിമിയോണി ഇടം പിടിച്ചേക്കും

Argentina v Brazil - FIFA World Cup Qatar 2022 Qualifier
Argentina v Brazil - FIFA World Cup Qatar 2022 Qualifier / Marcos Brindicci/GettyImages
facebooktwitterreddit

ജനുവരി 28നും ഫെബ്രുവരി രണ്ടിനും നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും പ്രതിരോധനിരയിലെ സൂപ്പർതാരമായ ക്രിസ്റ്റ്യൻ റൊമേരോ പുറത്ത്. നവംബർ 16നു ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ പരിക്കേറ്റ റൊമേരോ ഇതുവരെ ടോട്ടനം ഹോസ്‌പറിനു വേണ്ടിയും കളിക്കാനിറങ്ങിയിട്ടില്ല.

താരം പരിക്കിൽ നിന്നും മുക്തനാവാനുള്ള കാലാവധി ഇനിയും നീളുമെന്നതു കൊണ്ടാണ് ചിലി, കൊളംബിയ എന്നിവർക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ റൊമേരോയെ ഒഴിവാക്കിയത്. നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച അർജന്റീനയെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങൾ അപ്രധാനമാണ്.

ഇറ്റാലിയൻ ലീഗിൽ യുവന്റസിന്റെ താരങ്ങളായ പൗളോ ഡിബാല മാറ്റിയാസ് സൂളെ എന്നിവർ ടീമിലുണ്ടാകുമെന്ന് അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമെ ഈ സീസണിൽ ഹെല്ലാസ് വെറോണയിൽ തകർപ്പൻ പ്രകടനം നടത്തുന്ന ജിയോവാനി സിമിയോണിയും ടീമിലുണ്ടാകാൻ സാധ്യതയുണ്ട്.

യോഗ്യത ഉറപ്പിച്ചതിനാൽ തന്നെ ടീമിൽ നിരവധി മാറ്റങ്ങൾ സ്‌കലോണി വരുത്തും. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി പുതിയ താരങ്ങളെ പരീക്ഷിച്ച് ലോകകപ്പിന് ഏറ്റവും മികച്ചൊരു ടീമിനെ ഒരുക്കിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നിരവധി യുവതാരങ്ങൾക്ക് ഇതിന്റെ ഭാഗമായി ഈ മത്സരങ്ങളിൽ അവസരം ലഭിക്കുന്നുണ്ടാകും.

ഈയാഴ്‌ചയുടെ അവസാനമാണ് അർജന്റീന ടീം പ്രഖ്യാപിക്കുക. ലോകകപ്പ് യോഗ്യത ഉറപ്പിച്ചെങ്കിലും നിലവിൽ 27 മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയ അർജന്റീനക്ക് ആ കുതിപ്പ് തുടരാൻ തന്നെയായിരിക്കും ഈ മത്സരങ്ങളിലൂടെ ശ്രമിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.