Football in Malayalam

ഇക്വഡോറിനെതിരെ റൊമേരോ കളിക്കുന്ന കാര്യം സംശയത്തിൽ, അർജന്റീന മൂന്നോ നാലോ പൊസിഷനുകളിൽ മാറ്റം വരുത്തിയേക്കും

Sreejith N
Argentina v Paraguay: Group A - Copa America Brazil 2021
Argentina v Paraguay: Group A - Copa America Brazil 2021 / Alexandre Schneider/Getty Images
facebooktwitterreddit

കോപ്പ അമേരിക്കയിലെ ആദ്യത്തെ നോക്ക്ഔട്ട് മത്സരത്തിനു തയ്യാറെടുക്കുന്ന അർജന്റീനക്ക് ആശങ്കയായി പ്രതിരോധതാരം ക്രിസ്റ്റ്യൻ റൊമേരോ ഇക്വഡോറിനെതിരെ കളത്തിലിറങ്ങുന്ന കാര്യം സംശയത്തിൽ. അവസാനം നടത്തിയ പരിശോധനയിൽ താരം പരിക്കിൽ നിന്നും പൂർണമായും മുക്തനായിട്ടില്ലെന്നു കണ്ടെത്തിയതോടെ ക്വാർട്ടർ ഫൈനലിൽ നിക്കോളാസ് ഒട്ടമെൻഡിക്കൊപ്പം ജർമൻ പെസല്ലയെ ഇറക്കാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് അവസാന തീരുമാനം സ്‌കലോണി എടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം നടത്തിയ ട്രെയിനിങ്ങിനു ശേഷം ക്വാർട്ടറിൽ ഇറക്കേണ്ട ആദ്യ ഇലവനെ സംബന്ധിച്ച് സ്‌കലോണിക്ക് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്ന് ടൈക് സ്പോർട്സിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിൽ പൂർണമായും തീരുമാനമെടുക്കാതെ പൊസിഷനുകളിലൊന്ന് ലെഫ്റ്റ് ബാക്കാണ്. ടാഗ്ലിയാഫിക്കോ, മാർക്കോസ് അക്യൂന എന്നിവരിൽ ആരാണ് ഇക്വഡോറിനെതിരെ ആദ്യ ഇലവനിൽ ഇറങ്ങുകയെന്ന് പരിശീലകൻ ഉറപ്പിച്ചിട്ടില്ലെങ്കിലും സെവിയ്യ താരത്തിനാണ് മുൻതൂക്കമുള്ളത്.

ഇതിനു പുറമെ മധ്യനിരയിൽ ആരെ കളിപ്പിക്കണമെന്നതിലും അർജന്റീനിയൻ പരിശീലകൻ അവസാന തീരുമാനം കൈക്കൊണ്ടിട്ടില്ല. റോഡ്രിഗോ ഡി പോളിന്റെ സ്ഥാനം ഉറപ്പാണെങ്കിലും മിഡ്‌ഫീൽഡിലെ മറ്റു രണ്ടു പൊസിഷനുകളിൽ ഗുയ്‌ഡോ റോഡ്രിഗസ്, ലിയനാർഡോ പരഡെസ്, ജിയോവാനി ലോ സെൽസോ എന്നിവരിൽ ആരെ വേണമെങ്കിലും സ്‌കലോണി പരീക്ഷിച്ചേക്കാം.

മുന്നേറ്റനിരയിലും സ്‌കലോണി പ്രധാനപ്പെട്ട മാറ്റം കൊണ്ടു വരാൻ സാധ്യതയുണ്ട്. പ്രധാന മത്സരങ്ങളിലെല്ലാം ആദ്യ ഇലവനിൽ ഇറങ്ങിയ നിക്കോ ഗോൺസാലസിനെ മാറ്റി ടൂർണമെന്റിൽ രണ്ടു ഗോൾ നേടിയ സെവിയ്യ താരം പപ്പു ഗോമസിനെ കളിപ്പിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം ആലോചിക്കുന്നത്. എന്നാൽ സ്റ്റുട്ട്ഗർട്ട് താരത്തിന്റെ വർക്ക് റേറ്റിൽ സ്‌കലോണി വിശ്വാസമർപ്പിച്ചാൽ ഗോൺസാലസ് തന്നെയാവും ആദ്യ ഇലവനിൽ ഇറങ്ങുക.

അർജന്റീന സാധ്യത ഇലവൻ: എമിലിയാനോ മാർട്ടിനസ്, നാഹുവൽ മോളിന, ജർമൻ പെസല്ല/ക്രിസ്റ്റ്യൻ റൊമേരോ, നിക്കോളാസ് ഒട്ടമെൻഡി, മാർക്കോസ് അക്യൂന/നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോൾ, ലിയനാർഡോ പരഡെസ്, ഗുയ്‌ഡോ റോഡ്രിഗസ്/ജിയോവാനി ലോ സെൽസോ, ലയണൽ മെസി, ലൗടാരോ മാർട്ടിനസ്, നിക്കോളാസ് ഗോൺസാലസ്/പപ്പു ഗോമസ്

facebooktwitterreddit