ഫിഫയുടെ വിലക്ക് നേരിടുന്ന ക്രിസ്റ്റ്യന്‍ റൊമേറോയെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി അർജന്റീന

ഫിഫയുടെ രണ്ട് മത്സര വിലക്ക് നേരിടുന്ന ടോട്ടന്‍ഹാം താരം ക്രിസ്ത്യൻ റൊമോറെ അര്‍ജന്റീനന്‍ ദേശീയ ടീമിൽ. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനെതിരേ മികച്ച പ്രകടനം നടത്തിയതോടെയാണ് താരത്തിന് ദേശീയ ടീമിലേക്ക് വിളി വന്നതെന്ന് അത്ലറ്റിക് റിപ്പോര്‍ട്ട് ചെയ്തു.
23കാരനായ താരത്തെ ഫിഫ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുണ്ടെങ്കിലും, താരത്തെയും അടുത്ത രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു അർജന്റീന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു താരത്തിന് വിലക്ക് ലഭിക്കാന്‍ കാരണമായ സംഭവം നടന്നത്.
ബ്രസീലിനെതിരേ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നാല് അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് ഫിഫ വിലക്കേര്‍പ്പെടുത്തിയത്. റൊമേറോക്ക് പുറമെ, വിയ്യാറയൽ താരമായ ജിയോവാനി ലോ സെല്‍സോ, ആസ്റ്റണ്‍ വില്ല താരങ്ങളായ എമിലിയാനോ ബുണ്ടിയ, എമിലിയാനോ മാര്‍ട്ടിനസ് എന്നിവരേയായിരുന്നു ഫിഫ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കിയത്. ഫിഫയുടെ വിലക്കിനെതിരേ അപ്പീല്‍ നല്‍കാനാണ് അര്ജന്റീന് ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനം.
തങ്ങളുടെ അപ്പീലിന്റെ അടിസ്ഥാനത്തിൽ റൊമേറോയുടെ വിലക്ക് ഒരു മത്സരമാക്കി കുറക്കുമെന്നാണ് അർജന്റീനയുടെ പ്രതീക്ഷ. വിലക്ക് ഒരു മത്സരത്തിലേക്ക് ചുരുക്കുകയാണെങ്കിൽ മാര്‍ച്ച് 30ന് ഇക്വഡോറിനെതിരെ നടക്കുന്ന മത്സരത്തില്‍ റൊമേറോക്ക് കളിക്കാന്‍ കഴിയുമെന്നാണ് അര്ജന്റീന് ഫുട്ബോള്‍ ഫെഡറേഷന്റെ പ്രതീക്ഷയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മാര്‍ച്ച് 26ന് വെനസ്വേലക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യത മത്സരം. അതിന് ശേഷമാണ് ഇക്വഡോറിന് എതിരെയുള്ള മത്സരം.