Football in Malayalam

ആഴ്സനൽ - ഫുൾഹാം മത്സരത്തിലെ വിഎആർ തീരുമാനം വിവാദമാകുന്നു; പ്രതിഷേധവുമായി ഫുട്ബോൾ ലോകം

Gokul Manthara
Arsenal v Fulham - Premier League
Arsenal v Fulham - Premier League / Pool/Getty Images
facebooktwitterreddit

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആഴ്സനൽ - ഫുൾഹാം മത്സരത്തിൽ ഗണ്ണേഴ്സ് നേടിയ ആദ്യ ഗോൾ വി എ ആറിൽ നിഷേധിക്കപ്പെട്ടത് വലിയ വിവാദമാകുന്നു. ആഴ്സനലിന്റെ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ നാൽപ്പതാം മിനുറ്റിൽ ഡാനി സെബയ്യോസ് നേടിയ ഗോളായിരുന്നു വി എ ആർ പരിശോധനയിൽ ഗോളല്ലെന്ന് റഫറി വിധിച്ചത്. ബുക്കായോ സാക്ക ഓഫ് സൈഡാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആ ഗോൾ ഗണ്ണേഴ്സിന് നിഷേധിക്കപ്പെട്ടതെങ്കിലും സംഭവത്തിൽ എതിർപ്പുമായി ഫുട്ബോൾ പ്രേമികളും, വിദഗ്ദ്ധരും രംഗത്തെത്തിക്കഴിഞ്ഞു.

സെബയ്യോസ് ഗോൾ നേടിയതിന് പിന്നാലെ റഫറിക്ക് അത് ഓഫ് സൈഡാണോയെന്ന് സംശയം തോന്നുകയും അദ്ദേഹം പിന്നാലെ വി എ ആർ ന്റെ സഹായം തേടുകയുമായിരുന്നു. വീഡിയോ റീപ്ലേകളിൽ ബുക്കായോ സാക്കയുടെ കാൽ വിരൽ ഓഫ് സൈഡ് സ്ഥാനത്താണെന്ന് വ്യക്തമായതോടെ റഫറി ഗോൾ നിഷേധിക്കുകയും ചെയ്തു. നിലവിലെ ഫുട്ബോൾ നിയമങ്ങൾ പ്രകാരം ഒരു കളികാരന് നിയമാനുസൃതമായി സ്കോർ ചെയ്യാൻ കഴിയുന്ന ശരീരത്തിന്റെ ഏതെങ്കിലും ഭാഗം അത്തരം സ്ഥാനത്താണെങ്കിൽ അത് ഓഫ് സൈഡ് നൽകണം. ഇതു കൊണ്ടു‌തന്നെ തങ്ങൾ നേടിയ ആദ്യ ഗോൾ‌ നിഷേധിക്കാനുള്ള റഫറിയുടെ തീരുമാനം ആഴ്സനൽ താര‌ങ്ങളും, ഒഫീഷ്യലുകളും അംഗീകരിച്ചു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇക്കാര്യം വലിയ ചർച്ചയായി.

ഫുട്ബോൾ പ്രേമികളും, പണ്ഡിതരുമെല്ലാം ആഴ്സനലിന്റെ ഗോൾ വി എ ആറിൽ നിഷേധിക്കപ്പെട്ടതിനെതിരെ രംഗത്തെത്തി. ഇത് ഫുട്ബോളിന്റെ അവസാനമാണെന്ന തരത്തിലായിരുന്നു വാറ്റ്ഫഡ് പ്രതിരോധ താരം ബെൻ വിൽമോട്ടിന്റെ പ്രതികരണം. വി എ ആറിൽ ഗോൾ നഷ്ടമായത് ആഴ്സനൽ താരങ്ങൾ അംഗീകരിച്ചെങ്കിലും ആരാധകർക്ക് അതത്ര ദഹിച്ചില്ല. വലിയ പ്രതിഷേധമാണ് അതു കൊണ്ട് ഇക്കാര്യത്തിൽ ആഴ്സനൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ അഴിച്ചു വിടുന്നത്.

അതേ സമയം വി എ ആർ തീരുമാനത്തിൽ ഗോൾ നഷ്ടമായ മത്സരത്തിൽ ആഴ്സനലിന് ഫുൾഹാമിനോട് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വരുകയായിരുന്നു. സ്കോർ (1-1). അൻപത്തിയൊൻപതാം മിനുറ്റിൽ ജോഷ് മാജയുടെ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ ഫുൾഹാമിനെ, ഇഞ്ചുറി ടൈമിൽ എഡി എൻകെറ്റിയ നേടിയ ഗോളിലായിരുന്നു ആഴ്സനൽ സമനിലയിൽ പിടിച്ചത്.

facebooktwitterreddit