Football in Malayalam

മധ്യനിരതാരം ഗോൾവല കാത്തു, പകരക്കാരുടെ ബെഞ്ചിൽ ഒരാൾ പോലുമില്ല; അവിസ്‌മരണീയ വിജയവുമായി റിവർപ്ളേറ്റ്

Sreejith N
River Plate v Independiente Santa Fe - Copa CONMEBOL Libertadores 2021
River Plate v Independiente Santa Fe - Copa CONMEBOL Libertadores 2021 / Pool/Getty Images
facebooktwitterreddit

യുവേഫ ചാമ്പ്യൻസ് ലീഗിനു സമാനമായ രീതിയിൽ ലാറ്റിനമേരിക്കയിൽ നടത്തുന്ന ടൂർണമെന്റായ കോപ്പ ലിബർട്ടഡോസ് കപ്പിൽ കഴിഞ്ഞ ദിവസം അർജന്റീനിയൻ ക്ലബായ റിവർപ്ളേറ്റ് സ്വന്തമാക്കിയ വിജയം അവരുടെ ചരിത്രത്തിൽ തന്നെ തിളങ്ങി നിൽക്കുമെന്നുറപ്പാണ്. കോവിഡ് മഹാമാരി പടർന്നു പിടിച്ചത് മൂലം ടൂർണമെന്റിനു രജിസ്റ്റർ ചെയ്‌ത താരങ്ങളിൽ ഭൂരിഭാഗത്തേയും നഷ്ടമായതിനെ തുടർന്ന് പതിനൊന്നു പേരെ മാത്രം വെച്ച്, ഒരു പകരക്കാരൻ പോലുമില്ലാതെ കളിച്ചാണ് റിവർപ്ളേറ്റ് വിജയം സ്വന്തമാക്കിയത്.

കൊളംബിയൻ ക്ലബായ ഇൻഡിപെൻഡിയെന്റെക്കെതിരെയുള്ള മത്സരത്തിലാണ് റിവർപ്ളേറ്റ് അസാധാരണമായ സാഹചര്യം നേരിട്ടത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിൽ, അണുബാധ കണ്ടെത്തിയതിനെ തുടർന്ന് ടീമിലെ നാല് ഗോൾകീപ്പർമാരടക്കം ഇരുപതു താരങ്ങൾക്ക് മത്സരത്തിനിറങ്ങാൻ കഴിയുമായിരുന്നില്ല. ടൂർണമെന്റിനു രജിസ്റ്റർ ചെയ്‌ത ലിസ്റ്റിൽ മാറ്റം വരുത്താൻ കഴിയില്ലെന്നിരിക്കെ 11 പേർ മാത്രമാണ് ടീം സ്‌ക്വാഡിൽ തന്നെയുണ്ടായിരുന്നത്.

നാലു ഗോൾകീപ്പർമാരും പുറത്തിരുന്നതോടെ അർജന്റീന ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുള്ള മധ്യനിര താരമായ എൻസോ പെരസാണ് റിവർപ്ളേറ്റിന്റെ ഗോൾവല കാത്തത്. ഹാംസ്ട്രിങ് ഇഞ്ചുറിയും വെച്ചാണ് പെരസ് ഗോൾകീപ്പറായി ഇറങ്ങിയതെന്നത് പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. ആകെ ലഭ്യമായ 11 താരങ്ങൾ പകരക്കാരർ പോലുമില്ലാതെ മുഴുവൻ സമയവും കളിച്ച് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് റിവർപ്ളേറ്റ് സ്വന്തമാക്കിയത്.

പരിചയസമ്പത്തു കുറഞ്ഞ താരങ്ങളുമായാണ് കളിച്ചതെങ്കിലും മത്സരം ആറു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ റിവർപ്ളേറ്റ് ഫാബ്രിസിയോ ആംഗലേറി, ജൂലിയൻ അൽവാരസ് എന്നിവരിലൂടെ മുന്നിലെത്തി. അതിനു ശേഷം ഇൻഡിപെൻഡിയെന്റെ ആക്രമണം കടുപ്പിച്ചെങ്കിലും പെരസും റിവർപ്ളേറ്റ് പ്രതിരോധവും പിടിച്ചു നിന്നു. എഴുപത്തിമൂന്നാം മിനുട്ടിൽ ഓസോറിയയിലൂടെ കൊളംബിയൻ ക്ലബ് ഒരു ഗോൾ മടക്കിയെങ്കിലും വിജയം സ്വന്തമാക്കാൻ ടീമിനായില്ല.

എൻസോ പെരസ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ മത്സരത്തിലെ വിജയത്തിലൂടെ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാൻ റിവർപ്ളേറ്റിനായി. അഞ്ചു മത്സരങ്ങളിൽ നിന്നും എട്ടു പോയിന്റുള്ള ബ്രസീലിയൻ ക്ലബ് ഫ്ലുമിനൻസിനെ മറികടന്നാണ് ഒൻപതു പോയിന്റുള്ള റിവർപ്ളേറ്റ് ഒന്നാം സ്ഥാനത്തെത്തിയത്. സാഹചര്യം ഏറ്റവും പ്രതികൂലമായിട്ടും നേടിയെടുത്ത ഈ ജയം സീസണിൽ റിവർപ്ളേറ്റിനു കൂടുതൽ ആത്മവിശ്വാസം പകരുമെന്ന കാര്യത്തിൽ സംശയമില്ല.


facebooktwitterreddit