കുട്ടീന്യോ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു, ഔദ്യോഗിക പ്രഖ്യാപനമായി

FC Barcelona v Real Madrid CF - La Liga Santander
FC Barcelona v Real Madrid CF - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ബ്രസീലിയൻ മധ്യനിര താരമായ ഫിലിപ്പെ കുട്ടീന്യോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി. നിരവധി വർഷങ്ങൾ ലിവർപൂളിന്‌ വേണ്ടി തിളക്കമാർന്ന പ്രകടനം നടത്തിയതിനു ശേഷം ബാഴ്‌സലോണയിലേക്ക് റെക്കോർഡ് ട്രാൻസ്‌ഫറിൽ ചേക്കേറിയ താരം മുൻ ലിവർപൂൾ നായകനായ സ്റ്റീവൻ ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ലയിലേക്കാണ് ചേക്കേറിയത്.

ഈ സീസൺ അവസാനിക്കുന്നതു വരെയുള്ള ലോൺ കരാറിലാണ് കുട്ടീന്യോ ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറുന്നതെന്ന് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് ആദ്യം വെളിപ്പെടുത്തിയത്. പിന്നീടിക്കാര്യം ആസ്റ്റൺ വില്ല ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. അതേസമയം ഈ സീസണു ശേഷം താരത്തെ ആസ്റ്റൺ വില്ല സ്ഥിരം കരാറിൽ സ്വന്തമാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

2013ലാണ് സീരി എ ക്ലബായ ഇന്റർ മിലാനിൽ നിന്നും കുട്ടീന്യോ ലിവർപൂളിലേക്ക് ചേക്കേറുന്നത്. 2018 വരെ ലിവർപൂളിനോപ്പം കളിച്ച താരം 201 മത്സരങ്ങളിൽ നിന്നും 54 ഗോളുകളും നിരവധി അസിസ്റ്റുകളും റെഡ്‌സിനു വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബിന്റെ ഏറ്റവും മികച്ച താരമായിരിക്കുമ്പോഴാണ് കുട്ടീന്യോയെ ബാഴ്‌സലോണ ക്ലബിന്റെ എക്കാലത്തെയും ഉയർന്ന ട്രാൻസ്‌ഫർ ഫീസ് നൽകി സ്വന്തമാക്കുന്നത്.

എന്നാൽ ബാഴ്‌സലോണയിലേക്ക് ചേക്കേറിയതിനു ശേഷം തന്റെ പ്രതിഭ പുറത്തെടുക്കുന്നതിൽ താരം പരാജയപ്പെടുകയായിരുന്നു. ടീമിന്റെ ശൈലിയുമായി ഒത്തുപോകാൻ കഴിയാതിരുന്നതും നിരന്തരമായ പരിക്കും മൂലം താരം ബാഴ്‌സയുടെ ആദ്യ ഇലവനിൽ നിന്നും സ്ഥിരം തഴയപ്പെടുകയും ഒരു സീസണിൽ ബയേൺ മ്യൂണിക്കിൽ ലോണിൽ കളിക്കുകയും ചെയ്‌തു. ഇപ്പോൾ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിൽ ആ പഴയ കുട്ടീന്യോയെ തിരിച്ചു കിട്ടുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

ആസ്റ്റൺ വില്ലയിലേക്കുള്ള ട്രാൻസ്‌ഫർ കുട്ടീന്യോക്ക് ഖത്തർ ലോകകപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇടം നേടാനുള്ള പാലമാകുമ്പോൾ ബാഴ്‌സലോണയെ സംബന്ധിച്ച് താരത്തിന്റെ ട്രാൻസ്‌ഫർ കൊണ്ട് വിന്റർ ജാലകത്തിൽ സ്വന്തമാക്കിയ ഫെറൻ ടോറസിന്റെ രജിസ്‌ട്രേഷൻ നടത്താൻ കഴിയും. കുട്ടീന്യോക്കു പുറമെ ഏതാനും താരങ്ങൾ കൂടി ജനുവരിയിൽ ബാഴ്‌സലോണ വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.