കുട്ടീന്യോ ക്ലബ് വിട്ടിട്ടും ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാനാകാതെ ബാഴ്‌സലോണ
By Sreejith N

വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഫെറൻ ടോറസിനെ ബാഴ്‌സലോണ സ്വന്തമാക്കിയത് ക്ലബിന്റെ ആരാധകർക്ക് വളരെയധികം ഊർജ്ജം നൽകിയ കാര്യമായിരുന്നു. എന്നാൽ ട്രാൻസ്‌ഫർ പൂർത്തിയാക്കിയെങ്കിലും ഇതുവരെയും താരത്തെ ടീമിനൊപ്പം രെജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ല. നിലവിലുള്ള താരങ്ങളിൽ ചിലരെ ഒഴിവാക്കി വേതനബിൽ കുറച്ചാൽ മാത്രമേ ബാഴ്‌സലോണക്ക് അതിനു കഴിയുകയുള്ളൂ.
ബ്രസീലിയൻ താരമായ ഫിലിപ്പെ കുട്ടീന്യോ ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയത് ബാഴ്‌സലോണക്ക് ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാനുള്ള വഴിയൊരുക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതു സാധ്യമല്ലെന്നാണ് സ്‌പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിന്റെ പ്രധാന കാരണം ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തിയെങ്കിലും അടുത്തയാഴ്‌ച ബെർമിംഗ്ഹാമിലേക്ക് പോയി മെഡിക്കൽ പൂർത്തിയാക്കിയാൽ മാത്രമേ കുട്ടീന്യോ ട്രാൻസ്‌ഫർ ഔദ്യോഗികമായി പൂർത്തിയാകൂ എന്നതാണ്.
He is being made to wait. https://t.co/DaCCvKS93p
— MARCA in English (@MARCAinENGLISH) January 7, 2022
മെഡിക്കൽ പൂർത്തിയാക്കിയാലും കുട്ടീന്യോയുടെ ട്രാൻസ്‌ഫർ കൊണ്ട് ഫെറൻ ടോറസിന്റെ രജിസ്‌ട്രേഷൻ നടത്താൻ കഴിയില്ലെന്നും മാർക്ക വ്യക്തമാക്കുന്നുണ്ട്. ഫെറൻ ടോറസിന്റെ പ്രതിഫലത്തിൽ താരത്തിന്റെ ട്രാൻസ്‌ഫർ തുക തവണകളായി നൽകുന്നതു കൂടി ഉൾപ്പെട്ടിട്ടുണ്ട്. അതെല്ലാം കൂടി ഏതാണ്ട് ആറു മില്യൺ യൂറോ വരുമെന്നതിനാൽ കുട്ടീന്യോയുടെ വേതനബിൽ ഇല്ലാതായാലും ഫെറൻ ടോറസിന്റെ രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്ന സാഹചര്യമില്ല.
ഈ സാഹചര്യത്തിൽ ടീമിലെ മറ്റു ചില താരങ്ങളെക്കൂടി ഒഴിവാക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ബാഴ്‌സ നടത്തുകയാണ്. റയൽ മാഡ്രിഡിനെതിരായ സ്‌പാനിഷ് സൂപ്പർകപ്പ് സെമി ഫൈനൽ പോരാട്ടം വരാനിരിക്കുന്നതിനാൽ അതിനു മുൻപ് ഈ താരങ്ങളെ ഒഴിവാക്കി ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാനാണ് ബാഴ്‌സയുടെ നീക്കം. എന്നാൽ അതു നടപ്പിലാകാനുള്ള സാധ്യത വളരെ കുറവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.