മെസി ഏതു ദിശയിലേക്കാണു പെനാൽറ്റി എടുക്കുകയെന്നു മനസിലായതെങ്ങിനെ, റയൽ ഗോൾകീപ്പർ വെളിപ്പെടുത്തുന്നു

Sreejith N
Champions League Round of 16"Paris Saint-Germain v Real Madrid"
Champions League Round of 16"Paris Saint-Germain v Real Madrid" / ANP/GettyImages
facebooktwitterreddit

പിഎസ്‌ജിക്കെതിരെ ഇന്നലെ രാത്രി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയലിന്റെ പ്രകടനം മോശമായിരുന്നെങ്കിലും ഗോൾകീപ്പറായ തിബോ ക്വാർട്ടുവ അതിൽ നിന്നും വേറിട്ടു നിന്നിരുന്നു. ലയണൽ മെസിയുടെ ഒരു പെനാൽറ്റി അടക്കം ബോക്‌സിനുള്ളിൽ നിന്നും മൂന്ന് അവിശ്വസനീയ സേവുകൾ നടത്തിയ ബെൽജിയൻ താരം മത്സരത്തിൽ മൊത്തം എട്ടു ഷോട്ടുകൾ തടഞ്ഞ് റയലിന്റെ പരാജയത്തിന്റെ ഭാരം കുറക്കാൻ സഹായിച്ചുവെന്നതിൽ സംശയമില്ല.

മത്സരത്തിനു ശേഷം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസിയുടെ പെനാൽറ്റി തടഞ്ഞ് അവസാനം വരെ റയൽ മാഡ്രിഡിനു പ്രതീക്ഷ നൽകിയ ക്വാർട്ടുവയുടെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മെസിയുടെ ഷോട്ട് കൃത്യമായി മനസിലാക്കിയ താരം ഇടത്തോട്ടു ചാടിയാണ് അതു കുത്തിയകറ്റിയത്. മത്സരത്തിനു ശേഷം മെസിയുടെ ഷോട്ട് ഏതു ദിശയിലാണു വരികയെന്ന് എങ്ങിനെയാണു മനസിലാക്കിയതെന്നു താരം വെളിപ്പെടുത്തുകയുണ്ടായി.

"ലയണൽ മെസി ഒരു സീസണിൽ നിരവധി പെനാൽറ്റികൾ എടുക്കുമെന്ന കാര്യം തീർച്ചയായതു കൊണ്ട് ശരിയായ ഒരു ദിശ കണ്ടെത്തുക പ്രയാസമാണ്. എന്നാൽ വലതുവശത്തേക്കടിച്ച പെനാൽറ്റികളിൽ ചിലത് മെസി നഷ്‌ടപ്പെടുത്തിട്ടുണ്ട് എന്നതിനാൽ താരം ഇടതുവശത്തേക്കു തന്നെയാകും ലക്‌ഷ്യം വെക്കുകയെന്നു ഞാൻ ഉറപ്പിച്ചു."

"ചിലപ്പോൾ ലീപ്‌സിഗിനെതിരെ താരം നേടിയതു പോലെ മധ്യത്തിലേക്കും താരം ഷൂട്ട് ചെയ്യാൻ സാധ്യതയുണ്ടായിരുന്നു. ഒടുവിൽ ഞാൻ ഇടതുവശത്തേക്കു തന്നെ ചാടാനുള്ള തീരുമാനം എടുക്കുകയും മികച്ചൊരു സേവ് നടത്തുകയും ചെയ്‌തു." മത്സരത്തിനു ശേഷം ബിടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ക്വാർട്ടുവ പറഞ്ഞു.

അവസാനനിമിഷം വരെ മത്സരത്തിലെ ഹീറോ ക്വാർട്ടുവ ആയിരുന്നെങ്കിലും ഇഞ്ചുറി ടൈമിൽ എംബാപ്പെ മത്സരത്തിന്റെ ഗതി മാറ്റിയെഴുതി പിഎസ്‌ജിയുടെ വിജയഗോൾ നേടിയതിൽ തനിക്കുണ്ടായ വിഷമവും താരം വെളിപ്പെടുത്തി. രണ്ടു റയൽ മാഡ്രിഡ് താരങ്ങളെ അനായാസം മറികടന്ന എംബാപ്പെ ഇടതു വശത്തേക്കായിരിക്കും ഷൂട്ട് ചെയ്യുകയെന്നു പ്രതീക്ഷിച്ചെങ്കിലും അതു തന്റെ കാലിന്റെ ഇടയിലൂടെയാണ് പോയതെന്ന് ക്വാർട്ടുവ പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit