Real Madrid News

അത്ലറ്റികോ മാഡ്രിഡിന്റെ സ്റ്റേഡിയത്തിൽ ക്വാർട്ടുവയുടെ പേരിലുണ്ടായിരുന്ന ലോഹഫലകം നീക്കം ചെയ്‌തു

Sreejith N
Courtois' Plaque Removed From Wanda Metropolitano
Courtois' Plaque Removed From Wanda Metropolitano / Jonathan Moscrop/GettyImages
facebooktwitterreddit

ബെൽജിയൻ ഗോൾകീപ്പറായ തിബോ ക്വാർട്ടുവയുടെ പേരിൽ അത്ലറ്റികോ മാഡ്രിഡിന്റെ മൈതാനമായ വാൻഡാ മെട്രോപൊളിറ്റാനോയിൽ ഉണ്ടായിരുന്ന ലോഹഫലകം നീക്കം ചെയ്യപ്പെട്ടു. റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയം നേടിയ ക്വാർട്ടുവക്ക് ഫൈനലിലെ താരമെന്ന പുരസ്‌കാരവും സ്വന്തമായിരുന്നു. ഇതിനു പിന്നാലെയാണ് അത്ലറ്റികോ മാഡ്രിഡ് സ്റ്റേഡിയത്തിലെ ഫലകം നീക്കം ചെയ്‌തത്‌.

ചെൽസി താരമായിരുന്ന ക്വാർട്ടുവ ലോണിൽ അത്ലറ്റികോ മാഡ്രിഡിനു വേണ്ടി കളിക്കുന്ന സമയത്ത് ക്ലബിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ സഹായിച്ചിരുന്നു. ക്ലബിനൊപ്പം ചരിത്രം സൃഷ്‌ടിച്ചതിന്റെ താരത്തിന്റെ ശിലാഫലകം നൂറു മത്സരങ്ങൾ ക്ലബിനായി പൂർത്തിയാക്കിയതിന് ഭാഗമായാണ് മൈതാനത്തിനു വെളിയിൽ സ്ഥാപിച്ചത്. എന്നാൽ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയതിനു പിന്നാലെ അതു നീക്കം ചെയ്യപ്പെടുകയായിരുന്നു.

അത്ലറ്റികോ മാഡ്രിഡ് ആരാധകരിൽ ഒരു വിഭാഗത്തിന് ക്വാർട്ടുവയുടെ പേരിലുള്ള ശിലാഫലകം നീക്കം ചെയ്യണമെന്ന ആവശ്യമുയർന്നതിനോട് ക്ലബിന്റെ പ്രസിഡന്റായ എൻറിക്വ സെറെസോ അനുകൂല പ്രതികരണവും നൽകിയിരുന്നു. താരത്തിന്റെ ഫലകം നീക്കം ചെയ്യേണ്ടവർക്ക് കോടാലിയും മൺവെട്ടിയുമായി വന്ന് അതു ചെയ്യാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്കുള്ള ക്വാർട്ടുവയുടെ ട്രാൻസ്‌ഫർ അത്ലറ്റികോ മാഡ്രിഡ് ആരാധകരുടെ കടുത്ത വിമർശനത്തിനു കാരണമായ ഒന്നായിരുന്നു. ബെൽജിയൻ താരം വഞ്ചകനാണെന്നു പറയുന്ന ബാനറുകളും പ്രതിഷേധവും നിരവധി തവണ അത്ലറ്റികോ മാഡ്രിഡ് ആരാധകർ ഉയർത്തിയിട്ടുണ്ട്. അതിനു പുറമെയാണിപ്പോൾ ഫലകവും നീക്കം ചെയ്‌തത്‌.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit