La Liga

റയൽ മാഡ്രിഡിന്റെ ലാ ലിഗ കിരീടനേട്ടത്തിൽ ബാഴ്‌സലോണയെ കളിയാക്കി ക്വാർട്ടുവ

Sreejith N
Courtois Mocks Barcelona After Real Madrid Win La Liga
Courtois Mocks Barcelona After Real Madrid Win La Liga / Quality Sport Images/GettyImages
facebooktwitterreddit

എസ്‌പാന്യോളിനെതിരെ ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ വിജയം നേടിയതോടെ മുപ്പത്തിയഞ്ചാം തവണയും സ്‌പാനിഷ്‌ ലീഗ് കിരീടമുയർത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ റോഡ്രിഗോയുടെ ഇരട്ടഗോളുകളും അസെൻസിയോ, ബെൻസിമ എന്നിവർ നേടിയ ഗോളുകളും വഴി എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടിയാണ് നാല് മത്സരങ്ങൾ ശേഷിക്കെ റയൽ മാഡ്രിഡ് ലീഗ് കിരീടമുയർത്തിയത്.

ലീഗ് കിരീടനേട്ടത്തിന്റെ ആഘോഷങ്ങൾക്കിടയിൽ പ്രധാന എതിരാളികളായ ബാഴ്‌സലോണക്കു നേരെ പരിഹാസവാക്കുകൾ ചൊരിഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡ് ഗോൾകീപ്പറായ തിബോ ക്വാർട്ടുവ. റയൽ മാഡ്രിഡിനെതിരെ നടന്ന അവസാനത്തെ എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടിയതിനു ശേഷം ബാഴ്‌സലോണ താരങ്ങൾ നടത്തിയ ആഘോഷത്തെയാണ് ക്വാർട്ടുവ ലീഗ് കിരീടനേട്ടത്തിനു ശേഷം പരിഹസിച്ചത്.

"ക്ലാസിക്കോക്ക് ശേഷമായിരുന്നു നിർണായകമായത്. ചില ആളുകൾ അവർ കിരീടം നേടിയതു പോലെയും അവർ തിരിച്ചു വന്നതു പോലെയുമാണ് ആഘോഷിച്ചത്. എന്നാൽ ഞങ്ങൾ ശാന്തരായി തുടർന്ന് സെൽറ്റയെ ബുദ്ധിമുട്ടേറിയ ഒരു മത്സരത്തിൽ തോൽപ്പിച്ചു, അതിനു ശേഷം ഗെറ്റാഫയെയും കീഴടക്കി. അതെല്ലായിപ്പോഴും ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്." ക്വാർട്ടുവ പറഞ്ഞു.

റയൽ മാഡ്രിഡിന്റെ വിജയം ഏതെങ്കിലും ഒരു താരത്തിന്റെ മികച്ച പ്രകടനം കൊണ്ടുണ്ടായതല്ലെന്നും ടീം മുഴുവൻ അതിനായി പൊരുതിയെന്നും ക്വാർട്ടുവ പറഞ്ഞു. സെവിയ്യക്കെതിരായ കളിയിൽ രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം തിരിച്ചു വന്നു വിജയം നേടിയത് വളരെ നിർണായകമായിയെന്നും അത് എതിരാളികളെ തകർത്തുവെന്നും ക്വാർട്ടുവ പറഞ്ഞു.

ലാ ലിഗ കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിൽ റയൽ മാഡ്രിഡ് ഇനിയിറങ്ങാൻ പോകുന്നത് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ്. ആദ്യപാദത്തിൽ മൂന്നിനെതിരെ നാല് ഗോളുകളുടെ തോൽവി വഴങ്ങിയെങ്കിലും സ്വന്തം മൈതാനത്തു നടക്കുന്ന രണ്ടാംപാദത്തിൽ തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷ ടീമിനുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit