അവർ ചിന്തിക്കുന്നത് സ്വന്തം പോക്കറ്റിനെക്കുറിച്ച് മാത്രം; ഫിഫക്കും, യുവേഫക്കുമെതിരെ ആഞ്ഞടിച്ച് കോർട്ടുവ

By Gokul Manthara
Courtois
Courtois / Marco Canoniero/GettyImages
facebooktwitterreddit

ഫുട്ബോളിന്റെ ഭരണസമിതികളായ യുവേഫയും, ഫിഫയും അവരുടെ പോക്കറ്റിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും, കളികാരുടെ ക്ഷേമം അവരുടെ പരിഗണനയിൽ ഇല്ലെന്നും ബെൽജിയത്തിന്റെ സ്റ്റാർ ഗോൾകീപ്പറായ തിബോ കോർട്ടുവ‌. യുവേഫ നേഷൻസ് ലീഗിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിൽ കഴിഞ്ഞ ദിവസം ഇറ്റലിയോട് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഫിഫക്കെതിരെയും, യുവേഫക്കുമെതിരെ ആഞ്ഞടിച്ച് കോർട്ടുവാ രംഗത്തെത്തിയത്.

യുവേഫ നേഷൻസ് ലീഗിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ വേണ്ടി നടത്തിയ മത്സരത്തെ അർത്ഥശൂന്യമെന്ന് വിശേഷിപ്പിക്കുന്ന കോർട്ടുവാ, യുവേഫക്ക് അധികം പണമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ഫുട്ബോൾ കാശിന്റെ കളിയാണെന്നും താരങ്ങൾ അക്കാര്യത്തിൽ ബോധവാന്മാരായിരിക്കണമെന്നും സ്കൈ സ്പോർട്സിനോട് സംസാരിക്കവെ കോർട്ടുവ കൂട്ടിച്ചേർത്തു.

''ഞങ്ങൾ ഇത് കളിക്കുന്നു, കാരണം യുവേഫക്ക് ഇത് അധിക പണം നൽകുന്നു. ഇരു ടീമുകളും എത്ര മാത്രം മാറിയെന്ന് (ലൈനപ്പ്) നോക്കൂ, ഇരു ടീമുകളും ഫൈനലിലായിരുന്നുവെങ്കിൽ മറ്റ് കളികാർ അവിടെയുണ്ടാകുമായിരുന്നു. ഞങ്ങൾ വളരെയധികം മത്സരങ്ങൾ കളിക്കുന്നുവെന്ന് ഇത് കാണിക്കുന്നു," കോർട്ടുവാ പറഞ്ഞു.

"സൂപ്പർ ലീഗ് ആഗ്രഹിക്കുന്ന മറ്റ് ടീമുകളെക്കുറിച്ചോർത്ത് അവർക്ക് ദേഷ്യപ്പെടാം. എന്നാൽ കളികാരെ അവർ ശ്രദ്ധിക്കുന്നില്ല. അവർ അവരുടെ പോക്കറ്റുകളെക്കുറിച്ച് മാത്രം ശ്രദ്ധിക്കുന്നു. കളികാരെക്കുറിച്ച് സംസാരം നടക്കുന്നില്ലെന്നത് മോശമാണ്. ഇപ്പോൾ ഓരോ വർഷവും യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ലോകകപ്പ് എന്നിവ നടത്തുന്നതിനെക്കുറിച്ച് നിങ്ങൾ കേൾക്കുന്നു. ഞങ്ങൾക്ക് എപ്പോളാണ് വിശ്രമം ലഭിക്കുക? ഒരിക്കലുമില്ല." കോർട്ടുവാ പറഞ്ഞു.


facebooktwitterreddit