ചെൽസി ആരാധകർ തനിക്കു നേരെ കൂവില്ലെന്നു പ്രതീക്ഷിക്കുന്നു, എന്തും നേരിടാൻ തയ്യാറാണെന്ന് ക്വാർട്ടുവ


ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസിയെ നേരിടാൻ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇറങ്ങാനിരിക്കെ ചെൽസി ആരാധകർ തന്നെ കൂവില്ലെന്നു പ്രതീക്ഷിക്കുന്നുവെന്ന് റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ ക്വാർട്ടുവ. എന്നാൽ ആരാധകരുടെ രോഷം ഉണ്ടായാലും അതിനെ നേരിടാൻ തയ്യാറാണെന്നും ബെൽജിയം താരം വെളിപ്പെടുത്തി.
2011 മുതൽ 2018 വരെ ചെൽസി താരമായിരുന്ന തിബോ ക്വാർട്ടുവ അതിനു ശേഷമാണ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. കരാർ പുതുക്കാതെ ചെൽസിക്കു മേൽ സമ്മർദ്ദം ചെലുത്തി റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ താരത്തോട് ചെൽസി ആരാധകർ മുൻപ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇതേത്തുടർന്നാണ് താരം അഭ്യർത്ഥന നടത്തിയത്.
Champions League: Real Madrid goalkeeper, Courtois makes demand from Chelsea fans https://t.co/t1WOpus3ed
— Daily Post Nigeria (@DailyPostNGR) April 5, 2022
"അവരെന്നെ കൂക്കി വിളിക്കില്ലെന്ന് ഞാൻ കരുതുന്നു, പക്ഷെ ഒന്നും പറയാനാവില്ല. എന്തു സംഭവിച്ചാലും അതിനു ഞാൻ തയ്യാറാണ്, എന്താണുണ്ടാവുകയെന്നു നമുക്ക് കണ്ടറിയാം. സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കുള്ള സന്തോഷത്തോടു കൂടിയ മടക്കമായിരിക്കും ഇതെന്നു ഞാൻ പ്രതീക്ഷിക്കുന്നു."
"ഞങ്ങളിപ്പോൾ എതിരാളികളാണ്. അവർക്ക് വിജയം വേണം, അതു തന്നെയാണ് എനിക്കും വേണ്ടത്. അതിനാൽ തന്നെ ഞാൻ ആരാധകരിൽ നിന്നും അഭിനന്ദനം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല." റയൽ മാഡ്രിഡ് വെബ്സൈറ്റിനോട് ക്വാർട്ടുവ പറഞ്ഞു.
റയൽ മാഡ്രിഡിലേക്ക് തനിക്ക് ചേക്കേറാൻ കഴിയുമെന്ന പ്രതീക്ഷ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെന്നും ക്വാർട്ടുവ പറഞ്ഞു. പരിശീലനത്തിനായി വരുന്ന സമയത്ത് പലപ്പോഴും അത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കാറുണ്ടെന്നും സ്വയം വിശ്വസിച്ചാൽ നമ്മുടെ സ്വപ്നങ്ങൾ സഫലമാക്കാൻ ഫുട്ബോളിന് കഴിയുമെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.