Real Madrid News

ഹസാർഡിനെതിരെ വിമർശനവുമായി ക്വാർട്ടുവയുടെ പിതാവ്, ക്ഷമാപണം നടത്തി ബെൽജിയൻ താരം

Sreejith N
Chelsea v Real Madrid - UEFA Champions League Semi Final: Leg Two
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / Quality Sport Images/Getty Images
facebooktwitterreddit

ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിനു ശേഷം തോൽവി വഴങ്ങിയതിന്റെ യാതൊരു നിരാശയുമില്ലാതെ മുൻ ചെൽസി സഹതാരങ്ങളുമായി തമാശ പറഞ്ഞു ചിരിച്ച ഈഡൻ ഹസാർഡിനെതിരെ വിമർശനവുമായി റയൽ മാഡ്രിഡ് ഗോൾകീപ്പർ ടിബോ ക്വാർട്ടുവയുടെ പിതാവ്. തീർത്തും അൺപ്രൊഫെഷണലായ സമീപനമാണ് ഇക്കാര്യത്തിൽ ഹസാർഡിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അതു റയൽ മാഡ്രിഡ് ആരാധകരെ വളരെയധികം വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

" ഹസാർഡ് ചെയ്‌തത്‌ ഒരിക്കലും നല്ലൊരു കാര്യമായിരുന്നില്ല. ചിലപ്പോൾ മറ്റൊന്നും ആലോചിക്കാതെയായിരിക്കാം താരം അതു ചെയ്‌തിട്ടുണ്ടാവുകയെങ്കിലും ആ ദൃശ്യങ്ങൾ റയൽ മാഡ്രിഡ് ആരാധകർക്ക് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. ടൂർണമെന്റിൽ നിന്നും പുറത്തായതിന്റെ രണ്ടു മിനുട്ടിനു ശേഷം ഒരു താരം പൊട്ടിച്ചിരിക്കുന്നതു കണ്ടാൽ അത് അൺപ്രൊഫഷണൽ ആണെന്നേ ഞാൻ പറയൂ." എച്ച്എൻഎൽ സ്പോര്ടകാസ്റ്റ് പോഡ്‌കാസ്റ്റിനോട് സംസാരിക്കുമ്പോൾ ക്വാർട്ടുവയുടെ പിതാവ് പറഞ്ഞു.

പ്രസ്‌തുത സംഭവം ഇപ്പോൾ വിവാദമായെങ്കിലും റയലിനെ ലീഗ് ജേതാക്കളാക്കാൻ ഹസാർഡിനുള്ള അവസരം താരം മുതലെടുത്താൽ എല്ലാവരും ഈ വിഷയം മറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാമോസോ, മറ്റാരെങ്കിലുമോ ഹസാർഡിനോട് സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തിൽ ഹസാർഡ് ക്ഷമാപണം നടത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം എല്ലാവരോടും മാപ്പു ചോദിച്ചത്.

"ഞാൻ മാപ്പു ചോദിക്കുന്നു. എന്നെക്കുറിച്ചുള്ള നിരവധി വിമർശനങ്ങൾ വായിച്ചെങ്കിലും റയൽ മാഡ്രിഡ് ആരാധകരുടെ മനോവികാരം വ്രണപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. റയൽ മാഡ്രിഡിൽ കളിക്കുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു, ഞാനിവിടെയെത്തിയത് വിജയങ്ങൾ സ്വന്തമാക്കാനാണ്. ഈ സീസണ് അവസാനിച്ചിട്ടില്ല. നമ്മളോരുമിച്ച് ലാ ലിഗ കിരീടത്തിനായി പൊരുതും. ഹല മാഡ്രിഡ്." ബെൽജിയൻ താരം കുറിച്ചു.

facebooktwitterreddit