എൽ ക്ലാസിക്കോയിൽ ബാഴ്സലോണ നേടിയ നാലു ഗോളുകളുടെ വിജയം യാദൃശ്ചികമായി മാത്രം സംഭവിച്ചതാണെന്ന് ക്വാർട്ടുവ


സ്പാനിഷ് ലീഗിൽ നടന്ന കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണ നേടിയ വമ്പൻ വിജയം യാദൃശ്ചികമായി മാത്രം സംഭവിച്ചതാണെന്ന് റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ ക്വാർട്ടുവ. അതു റയൽ മാഡ്രിഡിന്റെ ഒരു മോശം ദിവസം ആയിരുന്നുവെന്നും അതിനു ശേഷം ടീമിന്റെ പ്രകടനവും നിലവാരവും വളരെയധികം മെച്ചപ്പെട്ടുവെന്നും ക്വാർട്ടുവ പറഞ്ഞു.
റയൽ മാഡ്രിഡിന്റെ മൈതാനത്തു നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണ സമ്പൂർണാധിപത്യം നേടിയപ്പോൾ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് അവർ സ്വന്തമാക്കിയത്. അതിനു ശേഷം റയൽ മാഡ്രിഡിന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പ്രകടനം മെച്ചപ്പെടുത്തിയ അവർ ചെൽസിയെ മറികടന്ന് ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇടം നേടിയതിനു പുറമെ ലീഗിലും ലീഡ് തുടരുകയാണ്.
"അതൊരു വളരെ മോശം രാത്രിയായിരുന്നു, എന്നാൽ ഞങ്ങൾ അതിനെ വളരെ വേഗത്തിൽ മറികടന്നു. കാരണം തോൽവികളെ കുറിച്ച് ഒരുപാട് ചിന്തിക്കാൻ താൽപര്യം ഇല്ലായിരുന്നു. എനിക്ക് നിരാശയുണ്ടായിരുന്നു, എന്നാൽ ആ തോൽവിക്കു മുൻപും ശേഷവും ഉണ്ടായിരുന്നുവെന്നു ഞാൻ കരുതുന്നു. ഞങ്ങളുടെ പ്രകടനവും മത്സരഫലവും നോക്കിയാൽ അതു യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വ്യക്തമാകും." എൽ കപ്പിത്താനോട് ക്വാർട്ടുവ പറഞ്ഞു.
പിഎസ്ജിക്കെതിരെ തിരിച്ചു വന്നു നേടിയ വിജയത്തെയും ബെൽജിയൻ കീപ്പർ വാഴ്ത്തി. "അതൊരു മനോഹരമായ സ്വപ്നം ആയിരുന്നു. ആദ്യപാദത്തിനു ശേഷം ഏതാനും ആരാധകർ ഞങ്ങൾ യോഗ്യത നേടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല, പക്ഷെ ഞങ്ങളതു ചെയ്തു. മാഡ്രിഡിൽ കളിക്കുന്നത് ഭാഗ്യമായി തോന്നിയ ഏതാനും രാത്രികളിൽ ഒന്നായിരുന്നു അത്." ക്വാർട്ടുവ വ്യക്തമാക്കി.
ഖത്തർ ലോകകപ്പ് ബെൽജിയൻ ടീമിന്റെ സുവർണ തലമുറയെ സംബന്ധിച്ച് ഒരു കിരീടവിജയം നേടാനുള്ള അവസരമാണെന്നും ക്വാർട്ടുവ പറഞ്ഞു. ബെൽജിയത്തിന് ഒരു മികച്ച ടീമുണ്ടെന്നും കിരീടത്തിനായി പൊരുതാൻ തങ്ങൾക്ക് കഴിയുമെന്നുമുള്ള ഉറച്ച വിശ്വാസവും താരം പ്രകടിപ്പിച്ചു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.