Football in Malayalam

എറിക്സന്റെ ജീവൻ രക്ഷിച്ച സൈമൺ ക്യാറിനും ഡെന്മാർക്ക് മെഡിക്കൽ ടീമിനും ഇത്തവണത്തെ യുവേഫ പ്രസിഡന്റ്സ് പുരസ്കാരം

By Gokul Manthara
Denmark v Finland - UEFA Euro 2020: Group B
Denmark v Finland - UEFA Euro 2020: Group B / Stuart Franklin/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടലിലാഴ്ത്തിയ സംഭവമായിരുന്നു ഡെന്മാർക്കും ഫിൻലൻഡും തമ്മിൽ നടന്ന യൂറോ കപ്പ് മത്സരത്തിനിടെ അരങ്ങേറിയത്. മത്സരത്തിന്റെ ആദ്യ പകുതിക്കിടെ ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സന് മൈതാനത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചതും, പിന്നാലെ മൈതാനത്ത് കുഴഞ്ഞ് വീണതും ഏവരേയും ഞെട്ടിച്ചു.

ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന നിലയിൽ നിന്ന് പക്ഷേ അത്ഭുതകരമായി എറിക്സൻ രക്ഷപെടുകയായിരുന്നു. ഇതിൽ നിർണായകമായതോ, താരം കളിക്കളത്തിൽ വീണയുടനേ സമയോചിതമായി ഇടപെടൽ നടത്തിയ വൈദ്യ സംഘത്തിന്റേയും, ഡെന്മാർക്ക് നായകൻ സൈമൺ ക്യാറിന്റേയും പ്രവർത്തനങ്ങളും‌. ഈ സംഭവം നടന്നത് മുതൽ ഫുട്ബോൾ ലോകം മുഴുവൻ ഇവരെ പ്രശംസകൾ കൊണ്ടു മൂടിയിരുന്നു. ഇപ്പോളിതാ ആ പ്രവർത്തിക്കുള്ള ആദരവായി ഈ വർഷത്തെ യുവേഫ പ്രസിഡന്റ്സ് പുരസ്കാരവും അവർക്ക് ലഭിക്കാൻ പോകുന്നു.

എറിക്സൻ മൈതാനത്ത് കുഴഞ്ഞ് വീണ സമയത്ത് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വൈദ്യസംഘത്തിനും ഡെന്മാർക്ക് നായകൻ സൈമൺ ക്യാറിനും അവരുടെ പ്രവർത്തിയോടുള്ള ബഹുമാന സൂചകമായി ഇത്തവണത്തെ യുവേഫ പ്രസിഡന്റ് പുരസ്കാരം നൽകാൻ തീരുമാനിച്ചതായി ഇന്ന് യുവേഫ പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

എറിക്സന്റെ ജീവൻ രക്ഷിച്ച വൈദ്യ സംഘത്തിനേയും, ഡെന്മാർക്ക് നായകൻ ക്യാറിനേയും യൂറോ 2020ലെ യഥാർത്ഥ നായകന്മാരെന്ന് വിശേഷിപ്പിച്ച യുവേഫ പ്രസിഡന്റ്, അവർക്ക് പ്രസിഡന്റ്സ് പുരസ്കാരം നൽകുന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

2021 ലെ യുവേഫ പ്രസിഡന്റ് പുരസ്കാര ജേതാക്കൾ ഇങ്ങനെ,

ഓൺ സൈറ്റ് മെഡിക്കൽ ടീം

മോർഗൻസ് ക്രൂട്സ്ഫെൽറ്റ് (ചീഫ് മെഡിക്കൽ ഓഫീസർ)
ഫ്രെഡെറിക്ക് ഗ്ലെൻസ്റ്റഡ് (സ്റ്റേഡിയം മെഡിക്കൽ മാനേജർ)
ആൻഡേഴ്സ് ബോസൻ (പിച്ച്സൈഡ് എമർജൻസി ഡോക്ടർ)
പെഡർ എഴ്സ്ഗാർഡ് (പാരമെഡിക്ക്)

യുവേഫ വെന്യു മെഡിക്കൽ ഓഫീസേഴ്സ്

ജെൻസ് ക്ലീൻഫെൽഡ്
വാലന്റിൻ വെളികോവ്

ഡാനിഷ് നാഷണൽ മെഡിക്കൽ ടീം

മോർട്ടൻ ഷോൾഡേഗർ (ഫിസിയോ)
മോർട്ടൻ ബൊയെസെൻ (ടീം ഡോക്ടർ)
സൈമൺ ക്യാർ (ഡെന്മാർക്ക് ദേശീയ ടീം ക്യാപ്റ്റൻ).


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit