Football in Malayalam

അഗ്യൂറോയോടുള്ള ആദരവ്, അർജന്റീനിയൻ ലീഗിലെ ടോപ് സ്‌കോറർ അവാർഡ് 'സെർജിയോ കുൻ അഗ്യൂറോ' അവാർഡ് എന്നു നാമകരണം ചെയ്യും

Sreejith N
Bolivia v Argentina: Group A - Copa America Brazil 2021
Bolivia v Argentina: Group A - Copa America Brazil 2021 / Gustavo Pagano/GettyImages
facebooktwitterreddit

ആരോഗ്യപ്രശ്‌നങ്ങൾ മൂലം മുപ്പത്തിമൂന്നാം വയസിൽ തന്നെ ഫുട്ബോളിൽ നിന്നും വിരമിക്കേണ്ടി വന്ന സെർജിയോ അഗ്യൂറോക്ക് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ ആദരവ്. അർജന്റീനയിലെ ടോപ് ടയർ ലീഗായ കോപ്പ അർജന്റീനയിലെ ടോപ് സ്കോറർക്കുള്ള പുരസ്‌കാരം ഇനി മുതൽ 'സെർജിയോ കുൻ അഗ്യൂറോ' അവാർഡ് എന്ന പേരിലാണ് അറിയപ്പെടുക.

അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ക്ലൗഡിയോ ടാപിയ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ അപ്രതീക്ഷിതമായി ഫുട്ബോൾ കളത്തോടു വിട പറയേണ്ടി വന്ന അഗ്യൂറോക്കുള്ള ആദരവ് പ്രകടിപ്പിച്ച് ലീഗിലെ ടോപ് സ്‌കോറർ അവാർഡിന്റെ പേരു മാറ്റുമെന്ന് അറിയിച്ചത്. അടുത്ത സീസൺ മുതലാണ് ലീഗിലെ ഗോൾ വേട്ടക്കാരന് അഗ്യൂറോയുടെ പേരിലുള്ള പുരസ്‌കാരം നൽകിത്തുടങ്ങുക.

ഡിസംബർ പതിനഞ്ചിനാണ്‌ സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഒക്ടോബർ അവസാനം ഡീപോർറ്റീവോ അലാവസുമായി നടന്ന ലാ ലിഗ മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താരത്തിന് തുടർന്നു നടത്തിയ പരിശോധനയിലാണ് ഹൃദയമിടിപ്പിൽ വ്യതിയാനം ഉണ്ടാകുന്ന കാർഡിയാക് അരിത്മിയ എന്ന രോഗം കണ്ടെത്തുന്നത്.

ചികിത്സയിലൂടെ രോഗത്തിന്റെ തീവ്രത കുറച്ച് കളിക്കളത്തിൽ തന്നെ തുടരാൻ വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്‌സലോണ താരം നടത്തിയെങ്കിലും ഇനിയും കളിക്കുന്നത് അപകടം വരുത്തുമെന്ന ഡോക്റ്റർമാരുടെ നിർദ്ദേശത്തെ തുടർന്ന് വിരമിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ക്യാമ്പ് ന്യൂവിൽ നടന്ന ചടങ്ങിൽ വളരെ വൈകാരികമായാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

അർജന്റീന U20 ടീമിനൊപ്പം രണ്ടു തവണ ലോകകപ്പ് കിരീടം നേടിയിട്ടുള്ള അഗ്യൂറോ 2007ൽ ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു. ഇതിനു പുറമെ 2008ലെ ഒളിമ്പിക് സ്വർണവും നേടിയിട്ടുള്ള താരം ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ടീമിന്റെ ഭാഗമായി നിരവധി വർഷങ്ങൾക്കു ശേഷമുള്ള കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit