Football in Malayalam

അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നു, കോപ്പ അമേരിക്കക്ക് പച്ചക്കൊടി വീശി ബ്രസീലിയൻ താരങ്ങൾ, ഔദ്യോഗിക പ്രസ്താവനയിറക്കും

Gokul Manthara
Brazil v Ecuador - FIFA World Cup 2022 Qatar Qualifier
Brazil v Ecuador - FIFA World Cup 2022 Qatar Qualifier / Buda Mendes/Getty Images
facebooktwitterreddit

ഈ വർഷത്തെ കോപ്പ അമേരിക്കയുടെ ഭാവിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നു. ടൂർണമെന്റിൽ കളിക്കുന്നതിനോട് ബ്രസീലിയൻ താരങ്ങൾ പച്ചക്കൊടി വീശിയെന്നും, തങ്ങൾ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി പരാഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അവർ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നുമാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കോപ്പ അമേരിക്ക നടത്തുന്നതിനെതിരെ ബ്രസീലിയൻ താരങ്ങൾ രംഗത്തെത്തിയിരുന്നു‌. ടൂർണമെന്റിൽ നിന്ന് വിട്ടു നിന്നേക്കുമെന്നുള്ള സൂചനകളും കഴിഞ്ഞ‌ ദിവസങ്ങളിൽ അവരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ ടൂർണമെന്റ് ബഹിഷ്കരണം പോലുള്ള കാര്യങ്ങളിലേക്ക് താരങ്ങൾ കടക്കില്ലെന്നും മറിച്ച് ടൂർണമെന്റിനെതിരെ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കാനാണ് അവരുടെ പദ്ധതികളെന്നുമാണ് സ്പാനിഷ് മാധ്യമമായ മാർക്ക വ്യക്തമാക്കുന്നത്.

പരാഗ്വെക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമാകും ബ്രസീൽ ടീം ടൂർണമെന്റിൽ കളിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയെന്നാണ് ഗ്ലോബോ എസ്പോർട്ടോ റിപ്പോർട്ട് ചെയ്യുന്നത്. ടൂർണമെന്റ് ബഹിഷ്കരിക്കാനുള്ള പദ്ധതികളിൽ നിന്ന് പിന്മാറാനുള്ള അവരുടെ തീരുമാനത്തിന് പ്രധാന കാരണങ്ങളിലൊന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് റൊജേറിയോ കാബ്ലോക്കോയെ സസ്പെൻഡ് ചെയ്തതാണെന്നും ഗ്ലാബോ എസ്പോർട്ടെ ചൂണ്ടിക്കാട്ടുന്നു‌.

കഴിഞ്ഞ ദിവസം അർജന്റീനയും തങ്ങളുടെ കോപ്പ അമേരിക്ക പങ്കാളിത്തം ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ബ്രസീലിയൻ താരങ്ങളും കോപ്പ അമേരിക്ക ബഹിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതോടെ ടൂർണമെന്റ് ഇക്കുറി നടക്കുമെന്ന് ഉറപ്പായി‌. ഫുട്ബോൾ പ്രേമികൾക്ക് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്..

facebooktwitterreddit