Football in Malayalam

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ബ്രസീലിനു പോരാട്ടം കടുപ്പമാകും, അർജന്റീനക്ക് പരിക്കിന്റെ തിരിച്ചടി

Sreejith N
Bolivia v Argentina: Group A - Copa America Brazil 2021
Bolivia v Argentina: Group A - Copa America Brazil 2021 / Rogerio Florentino/Getty Images
facebooktwitterreddit

ഇന്നു പുലർച്ചെ നടന്ന രണ്ടു കളികളോടെ കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ ക്വാർട്ടർ പോരാട്ടങ്ങളിൽ ഏതൊക്കെ ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുകയെന്ന ചിത്രം തെളിഞ്ഞു. ഇന്ന് നടന്ന മത്സരങ്ങളിൽ ബൊളീവിയക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയ അർജന്റീന ഗ്രൂപ്പ് എയിൽ ജേതാക്കളായപ്പോൾ പാരഗ്വായ്‌ക്കെതിരെ വിജയം സ്വന്തമാക്കിയ യുറുഗ്വായ് രണ്ടാം സ്ഥാനക്കാരുമായി. പാരഗ്വായ്, ചിലി എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോൾ ഒരു വിജയം പോലുമില്ലാതെ ബൊളീവിയ ഗ്രൂപ്പിൽ നിന്നും പുറത്തായി.

അതേസമയം ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ഇന്നലെയാണ് അവസാനിച്ചത്. ഇക്വഡോറിനെതിരെ സമനില വഴങ്ങിയെങ്കിലും ബ്രസീൽ നാലു മത്സരങ്ങളിൽ നിന്നും പത്ത് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. പെറു, കൊളംബിയ, ഇക്വഡോർ എന്നീ ടീമുകളാണ് യഥാക്രമം രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ നിൽക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും രണ്ടു സമനില നേടി രണ്ടു പോയിന്റ് സ്വന്തമാക്കിയ വെനസ്വലയാണ് ഗ്രൂപ്പ് ബിയിൽ നിന്നും പുറത്തായ ടീം.

ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ അർജന്റീനയും ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനക്കാരായ ഇക്വഡോറും തമ്മിലാണ് ഏറ്റുമുട്ടുക. ബ്രസീലിനെതിരെ കഴിഞ്ഞ മത്സരത്തിൽ സമനില നേടിയെടുത്ത ടീം അർജന്റീനക്കും വെല്ലുവിളി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതേസമയം ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ചിലിയെയാണ് ബ്രസീൽ ക്വാർട്ടറിൽ നേരിടേണ്ടത്. ഏതു ടീമിനെയും അട്ടിമറിക്കാൻ കരുത്തുള്ള ചിലിയും ബ്രസീലും തമ്മിലുള്ള പോരാട്ടവും യുറുഗ്വായ്-കൊളംബിയ മത്സരവുമാണ് ക്വാർട്ടർ ഫൈനലിലെ വമ്പൻ പോരാട്ടങ്ങൾ.

അതേസമയം അർജന്റീന പ്രതിരോധത്തിലെ വിശ്വസ്‌തനായ താരമായ ക്രിസ്റ്റ്യൻ റൊമേറോ പരിക്കിന്റെ പിടിയിലാണെന്നത് അർജന്റീനക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പരിശീലകൻ ലയണൽ സ്‌കലോണി പറയുന്നതെങ്കിലും അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങുമോയെന്ന കാര്യത്തിൽ ഇതുവരെയും ഉറപ്പിച്ചിട്ടില്ല. പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ ചിലിക്കെതിരായ ആദ്യ മത്സരം താരത്തിന് നഷ്ടമായിരുന്നു.

ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളും മത്സരസമയവും:

പെറു vs പാരഗ്വായ് - 03.07.2021 പുലർച്ചെ 02.30ന്

ബ്രസീൽ vs ചിലി - 03.07.2021 പുലർച്ചെ 05.30ന്

യുറുഗ്വായ് vs കൊളംബിയ - 04.07.2021 പുലർച്ചെ 03.30ന്

അർജന്റീന vs ഇക്വഡോർ - 04.07.2021 പുലർച്ചെ 06.30ന്


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit