Football in Malayalam

കോപ്പ അമേരിക്ക: നോക്ക്ഔട്ട് മത്സരങ്ങളിൽ നിന്നും ഫൈനലിലെത്തുമ്പോൾ ഉണ്ടാകുന്ന പ്രധാനമാറ്റം

Sreejith N
Brazil v Argentina - FIFA 2018 World Cup Qualifiers
Brazil v Argentina - FIFA 2018 World Cup Qualifiers / Brazil Photo Press/Getty Images
facebooktwitterreddit

കോപ്പ അമേരിക്കയെക്കാൾ ആവേശം നൽകിയ പോരാട്ടങ്ങളാണ് യൂറോ കപ്പിലുടനീളം നടന്നതെങ്കിലും ഇരു ടൂർണമെന്റുകളും ഫൈനലിനു തൊട്ടരികെ നിൽക്കുമ്പോൾ ഫുട്ബോൾ ആരാധകരിൽ ബഹുഭൂരിഭാഗം പേരുടെ കണ്ണുകളും ലാറ്റിനമേരിക്കയിലേക്കാണ് നീളുന്നത്. ലോകഫുട്ബാളിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള ടീമുകളായ ബ്രസീലും അർജന്റീനയും തമ്മിലാണു കോപ്പ അമേരിക്കയുടെ ഫൈനൽ പോരാട്ടം നടക്കുന്നതെന്നതാണ് ഇതിനു കാരണം.

ജൂലൈ പതിനൊന്നിന് ഇന്ത്യൻ സമയം 5.30നു കലാശപ്പോരാട്ടം നടക്കാനിരിക്കെ ഇതു വരെ നടന്ന നോക്ക്ഔട്ട് മത്സരങ്ങളിൽ നിന്നും ചെറിയ മാറ്റങ്ങൾ ഫൈനലിനുണ്ടാകും. നോക്ക്ഔട്ട് മത്സരങ്ങളിൽ തൊണ്ണൂറു മിനുട്ടും ഇരുടീമുകളും സമനിലയിൽ പിരിയുകയാണെങ്കിൽ മത്സരം നേരിട്ട് ഷൂട്ടൗട്ടിലേക്ക് നീങ്ങും. എന്നാൽ ഫൈനലിൽ അതിനു പകരം എക്ട്രാ ടൈമായ മുപ്പതു മിനുട്ടിനു ശേഷമായിരിക്കും വിജയികളെ തീരുമാനിക്കാനുള്ള പെനാൽറ്റി ഷൂട്ടൗട്ട് നടക്കുക. ഫൈനലിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞാൽ ആരാധകർക്ക് മുപ്പതു മിനുട്ട് സമയം കൂടി തങ്ങളുടെ ഇഷ്ടടീമിന്റെ കളിയാസ്വദിക്കാൻ കഴിയും.

ഇതുവരെ മൂന്നു മത്സരങ്ങളാണ് നോക്ക്ഔട്ട് ഘട്ടത്തിൽ തൊണ്ണൂറു മിനുട്ടു സമനിലയിൽ പിരിഞ്ഞതിനു ശേഷം ഷൂട്ടൗട്ടിൽ വിജയികളെ നിശ്ചയിച്ചത്. ക്വാർട്ടർ ഫൈനലിൽ പെറു-പാരഗ്വായ് മത്സരത്തിൽ പെറു വിജയം നേടിയപ്പോൾ യുറുഗ്വായ്-കൊളംബിയ മത്സരത്തിന്റെ ഷൂട്ടൗട്ടിൽ കൊളംബിയയാണ് വിജയിച്ചത്. സെമി ഫൈനലിൽ ഒരിക്കൽക്കൂടി കൊളംബിയ ഷൂട്ടൗട്ടിനെ നേരിടേണ്ടി വന്നപ്പോൾ എമിലിയാനൊ മാർട്ടിനസിന്റെ മികവിൽ അർജന്റീന വിജയം സ്വന്തമാക്കി.

ഫൈനൽ മത്സരത്തിനുള്ള അർജന്റീന ടീം ബ്രസീലിൽ എത്തിയിട്ടുണ്ട്. വളരെക്കാലത്തിനു ശേഷം ഒരു കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ ഇറങ്ങുന്ന അർജന്റീനക്ക് ബ്രസീലിന്റെ വെല്ലുവിളിയെ മറികടക്കുക എളുപ്പമല്ല. ബ്രസീലിയൻ നിരയിൽ ഗബ്രിയേൽ ജീസസ് കളിക്കില്ലെന്നത് അർജന്റീനക്ക് ആശ്വാസമാണെങ്കിലും റൊമേരോ പ്രതിരോധത്തിൽ ഇറങ്ങുമെന്നുറപ്പില്ലാത്തത് ആശങ്കയാണ്.

facebooktwitterreddit