Football in Malayalam

കോപ്പ അമേരിക്കയിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയ അഞ്ചു താരങ്ങൾ

Sreejith N
Argentina v Paraguay: Group B - Copa America Brazil 2019
Argentina v Paraguay: Group B - Copa America Brazil 2019 / Pedro Vilela/Getty Images
facebooktwitterreddit

കാണികളുടെ ആഘോഷമില്ലാതെ, കോവിഡ് ഭീതിക്കിടയിലാണ് നടക്കുന്നതെങ്കിലും കോപ്പ അമേരിക്ക ടൂർണമെന്റ് നൽകുന്ന ആവേശത്തിന് യാതൊരു കുറവുമില്ല. ലോകഫുട്ബോളിൽ തന്നെ ഏറ്റവുമധികം ആരാധകപിന്തുണയുള്ള രണ്ടു ടീമുകളായ അർജന്റീനയും ബ്രസീലും ടൂർണമെന്റിൽ മാറ്റുരക്കുന്നുണ്ട് എന്നതു തന്നെയാണ് ഇതിനു കാരണം. കോപ്പ അമേരിക്ക ആദ്യഘട്ടം പിന്നിട്ടപ്പോൾ ഈ രണ്ടു ടീമുകളും ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുമുണ്ട്.

അർജന്റീനയുടെയും ബ്രസീലിന്റെയും സൂപ്പർതാരങ്ങളായ ലയണൽ മെസിയും നെയ്‌മറും തന്നെയാണ് കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ പ്രകടനമികവിൽ മുന്നിൽ നിൽക്കുന്നത്. തങ്ങളുടെ ടീമിനെ ഗ്രൂപ്പ് ജേതാക്കളാക്കാൻ ഇരുതാരങ്ങളും ഏറ്റവും മികച്ച പ്രകടനം തന്നെ കളത്തിൽ പുറത്തെടുത്തിട്ടുണ്ട്. ഈ രണ്ടു താരങ്ങളുൾപ്പെടെ ടൂർണമെന്റിൽ ഇതുവരെ മിന്നിത്തിളങ്ങിയ അഞ്ചു കളിക്കാരെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

1. ലയണൽ മെസി (അർജന്റീന)

Bolivia v Argentina: Group A - Copa America Brazil 2021
Bolivia v Argentina: Group A - Copa America Brazil 2021 / MB Media/Getty Images

2014ലെ ലോകകപ്പ്, 2015ലെയും 2016ലെയും കോപ്പ അമേരിക്ക എന്നിങ്ങനെ തുടർച്ചയായ മൂന്നു പ്രധാന ടൂർണമെന്റുകളുടെ ഫൈനലിൽ കീഴടങ്ങേണ്ടി വന്നിട്ടുള്ള മെസി കരിയറിലെ ആദ്യത്തെ ഇന്റർനാഷണൽ കിരീടം നേടാനുറപ്പിച്ചു തന്നെയാണ് ഇത്തവണ കോപ്പ അമേരിക്കക്ക് എത്തിയിരിക്കുന്നത്. ബൊളീവിയക്കെതിരെ നടന്ന അവസാന മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടെ മൂന്നു ഗോളുമായി ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മെസി നിൽക്കുന്നത്. ഇതിനു പുറമെ രണ്ട് അസിസ്റ്റുമായി ആ ലിസ്റ്റിലും ഒന്നാമതു നിൽക്കുന്ന ബാഴ്‌സ നായകൻ മാത്രമാണ് ടൂർണമെന്റിൽ ഫ്രീകിക്ക് ഗോൾ നേടിയ ഒരേയൊരു താരമെന്ന പ്രത്യേകത കൂടിയുണ്ട്. ഓൺ ടാർഗറ്റ് ഷോട്ടുകൾ, ഡ്രിബ്ലിങ് എന്നിവയിലും മുന്നിൽ നിൽക്കുന്ന മെസി തന്നെയാണ് അർജന്റീന മുന്നേറ്റനിരയെ നയിക്കുന്നത്.

2. നെയ്‌മർ (ബ്രസീൽ)

Neymar Jr
Brazil v Colombia: Group B - Copa America Brazil 2021 / MB Media/Getty Images

കഴിഞ്ഞ തവണ ബ്രസീൽ കോപ്പ അമേരിക്ക കിരീടം ഉയർത്തിയപ്പോൾ പരിക്കു മൂലം അതിന്റെ ഭാഗമാകാൻ കഴിയാതെ വന്ന നെയ്‌മർ ഇത്തവണ അതിന്റെ ക്ഷീണം മാറ്റുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂർണമെന്റിലിതു വരെ രണ്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി ഈ കണക്കുകളിൽ മെസിക്ക് തൊട്ടു പുറകിൽ നിൽക്കുന്ന താരം കളിക്കാതിരുന്ന കഴിഞ്ഞ മത്സരത്തിൽ മാത്രമാണ് ബ്രസീൽ വിജയം കൈവിട്ടത്. മൂന്നു മത്സരങ്ങൾ കളിച്ച പിഎസ്‌ജി താരം ഗോളിനും അസിസ്റ്റിനും പുറമെ ഓരോ മത്സരത്തിലും നാലിലധികം കീ പാസുകൾ നൽകുകയും ഇതുവരെ ഏഴു സുവർണാവസരങ്ങൾ സഹതാരങ്ങൾക്കു വേണ്ടി സൃഷ്ടിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം നേടാമെന്ന ബ്രസീലിന്റെ പ്രതീക്ഷ താരത്തിന്റെ പ്രകടനമികവിൽ തന്നെയാണ്.

3. എഡിസൺ കവാനി (യുറുഗ്വായ്)

Edinson Cavani
Uruguay v Paraguay: Group A - Copa America Brazil 2021 / MB Media/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ഒരു സീസണു ശേഷം കോപ്പ അമേരിക്ക ടൂർണ്ണമെന്റിനെത്തിയ കവാനിക്ക് പക്ഷെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും മികവു പുലർത്താൻ കഴിഞ്ഞില്ലായിരുന്നു. അർജന്റീനക്കെതിരെയും ചിലിക്കെതിരെയും താരം ഗോൾ നേടാൻ പരാജയപ്പെട്ടപ്പോൾ രണ്ടു മത്സരങ്ങളിലും യുറുഗ്വായ്ക്ക് വിജയം നേടാൻ കഴിഞ്ഞില്ല. എന്നാൽ നിർണായകമായ അവസാന രണ്ടു മത്സരങ്ങളിലും ഓരോ ഗോൾ നേടിയ താരം ബൊളീവിയ, പാരഗ്വായ് എന്നിവർക്കെതിരെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ സഹായിക്കുകയും ചെയ്‌തു.

4. മിഗ്വൽ അൽമിറോൺ (പാരഗ്വായ്)

Miguel Almiron
Chile v Paraguay: Group A - Copa America Brazil 2021 / Pedro Vilela/Getty Images

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന ഇരുപത്തിയേഴുകാരനായ താരമാണ് ഗ്രൂപ്പ് എയിൽ ചിലിയെ മറികടന്ന് മൂന്നാം സ്ഥാനക്കാരാവാൻ പരാഗ്വയെ സഹായിച്ചത്. ബൊളീവിയക്കെതിരായ ആദ്യ മത്സരത്തിൽ ഗോളൊന്നും നേടിയില്ലെങ്കിലും ടീമിന്റെ വിജയത്തിൽ നിർണായക സ്വാധീനമായ മധ്യനിര താരം ചിലിക്കെതിരെ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി തന്റെ ഫോം തെളിയിച്ചു. അർജന്റീന, യുറുഗ്വായ് എന്നീ ടീമുകൾക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളുകൾക്ക് തോൽവി വഴങ്ങിയെങ്കിലും അൽമിറോന്റെ പ്രകടനം പാരഗ്വായ് നിരയിൽ വേറിട്ടു കണ്ടിരുന്നു. പരിക്ക് മൂലം നോക്ക്ഔട്ട് മത്സരങ്ങളിൽ താരം കളിക്കാൻ സാധ്യതയില്ലാത്തത് പരാഗ്വായ്ക്ക് കനത്ത തിരിച്ചടിയാണ്.

5. എമിലിയാനോ മാർട്ടിനസ് (അർജന്റീന)

Emiliano Martinez
Argentina v Paraguay: Group A - Copa America Brazil 2021 / Alexandre Schneider/Getty Images

ഒന്നര വർഷത്തോളമായി ആഴ്‌സണൽ, ആസ്റ്റൺ വില്ല എന്നീ ടീമുകൾക്കൊപ്പം നടത്തിയ മികച്ച പ്രകടനത്തിന്റെ ഭാഗമായി അർജന്റീനയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനം ലഭിച്ച എമിലിയാനോ മാർട്ടിനസിന്റെ ആത്മവിശ്വാസമാർന്ന പ്രകടനം അർജന്റീനക്ക് വളരെയധികം കരുത്തു നൽകുന്നുണ്ട്. മൂന്നു മത്സരങ്ങൾ കളത്തിലിറങ്ങിയ താരം അതിൽ രണ്ട് ക്ളീൻ ഷീറ്റാണ് സ്വന്തമാക്കിയത്. ചിലിക്കെതിരെ ഒരു പെനാൽട്ടി സേവ് നടത്തിയ താരത്തിനു നിർഭാഗ്യം കൊണ്ട് മാത്രമാണ് ആ മത്സരത്തിൽ ഒരു ഗോൾ വഴങ്ങേണ്ടി വന്നത്. ഗോൾകീപ്പിങ് ഡിപ്പാർട്മെന്റ് അർജന്റീനക്ക് എക്കാലവും ആശങ്കയായിരുന്നു എങ്കിലും ഇത്തവണ മാർട്ടിനസിന്റെ കൈകളിൽ അതു ഭദ്രമാണെന്ന ഉറപ്പ് ഓരോ ആരാധകനുമുണ്ട്.


facebooktwitterreddit