Football in Malayalam

കോപ്പ അമേരിക്ക: കിരീടത്തിലേക്ക് കുതിക്കാൻ ബ്രസീലും അട്ടിമറി ലക്ഷ്യമിട്ട് ചിലിയും ഇറങ്ങുന്നു

Sreejith N
Brazil v Ecuador: Group B - Copa America Brazil 2021
Brazil v Ecuador: Group B - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക നോക്ക്ഔട്ട് ഘട്ടത്തിലെ പോരാട്ടത്തിൽ ബ്രസീലും ചിലിയും നാളെ രാവിലെ ഇന്ത്യൻ സമയം 5.30ന് പരസ്‌പരം ഏറ്റുമുട്ടാനിരിക്കയാണ്. കഴിഞ്ഞ രണ്ടു കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ കിരീടമുയർത്തിയ ടീമുകളാണ് ഇരുവരുമെന്നത് മത്സരത്തിനു ആവേശം നൽകുന്നുണ്ടെങ്കിലും മുൻ‌തൂക്കം ബ്രസീലിനു തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. താരനിബിഢമായൊരു ടീമുമായി കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ കാനറികൾ ഇറങ്ങുമ്പോൾ ഒരു അട്ടിമറിയാണ് ചിലി ലക്ഷ്യമിടുന്നത്.

സ്വന്തം മണ്ണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ തുടർച്ചയായ രണ്ടാമത്തെ കിരീടം ലക്ഷ്യമിടുന്ന ബ്രസീൽ ഗ്രൂപ്പ് മത്സരങ്ങളിലെല്ലാം ആധികാരികമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. വെനസ്വലക്കെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ മാർക്വിന്യോസ്, നെയ്‌മർ, ഗബ്രിയേൽ ബാർബോസ എന്നിവരുടെ ഗോളുകളിൽ വിജയിച്ച കാനറികൾക്ക് തങ്ങൾ പരിപൂർണ സജ്ജരായാണ് കോപ്പ അമേരിക്ക ടൂർണമെന്റിന് എത്തിയിരിക്കുന്നതെന്ന് ആരാധകർക്കു മുന്നിൽ തെളിയിക്കാൻ കഴിഞ്ഞു.

അതിനു ശേഷം നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് തങ്ങളുടെ മികവ് ഒന്നുകൂടി പ്രദർശിപ്പിക്കാൻ ബ്രസീലിനായി. കൊളംബിയക്കെതിരായ മൂന്നാമത്തെ മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും പിന്നിലായിരുന്നെങ്കിലും അവസാന സമയങ്ങളിൽ റോബർട്ടോ ഫിർമിനോ, കസമീറോ എന്നിവരുടെ ഗോളുകളിൽ തുടർച്ചയായ മൂന്നാം ജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. അതിനു ശേഷം പ്രധാന താരങ്ങളിൽ പലർക്കും വിശ്രമം നൽകിയ ഇക്വഡോറിനെതിരായ മത്സരത്തിൽ മാത്രം സമനില വഴങ്ങുകയായിരുന്നു കാനറികൾ.

തകർപ്പൻ ഫോമിൽ കളിക്കുന്ന നെയ്‌മർ തന്നെയാണ് ബ്രസീലിന്റെ പ്രധാന കരുത്ത്. ടൂർണ്ണമെന്റിലിതു വരെ രണ്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ താരത്തിനൊപ്പം കസമീറോ, മാർക്വിന്യോസ്, തിയാഗോ സിൽവ, ഫിർമിനോ, അലിസൺ എന്നിവർ അണിനിരക്കുമ്പോൾ സെമിയിലേക്ക് ബ്രസീൽ അനായാസം മുന്നേറാനാണ് സാധ്യത.

അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ കാഴ്‌ച വെച്ച മോശം പ്രകടനത്തെ മറികടക്കാനാണ് ചിലി നോക്ക്ഔട്ട് മത്സരങ്ങൾക്ക് ഇറങ്ങുന്നത്. അർജന്റീനയും യുറുഗ്വായുമടങ്ങുന്ന ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തിയതു കൊണ്ടാണ് ഗ്രൂപ്പ് ബിയിലെ ആദ്യ സ്ഥാനക്കാരും കരുത്തരുമായ ബ്രസീലിനെ നേരിടേണ്ടി വരികയെന്ന സാഹചര്യം ടീമിനുണ്ടായത്. എന്നാൽ ടൂർണമെന്റിൽ കിരീടസാധ്യത കൽപ്പിക്കുന്ന ടീമിനെ തന്നെ അട്ടിമറിച്ച് തിരിച്ചു വരാനുള്ള കരുത്ത് ചിലിക്കുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി ക്വാർട്ടറിലെത്തിയ ചിലിയുടെ മുന്നേറ്റനിരയിലെ സൂപ്പർതാരം അലക്‌സിസ് സാഞ്ചസ് ബ്രസീലിനെതിരെ കളിക്കുമോയെന്നുറപ്പില്ലാത്തത് അവർക്ക് ആശങ്കയാണ്. സാഞ്ചസ് ഇറങ്ങിയില്ലെങ്കിൽ അഭാവത്തിൽ കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ എന്നും തിളങ്ങാറുള്ള എഡ്വാർഡോ വർഗാസ് മുന്നേറ്റനിരയെ നയിക്കും. അർതുറോ വിദാൽ, ചാൾസ് അരാംഗുയിസ് എന്നിവരടങ്ങുന്ന മധ്യനിരയും ഗാരി മെഡൽ നയിക്കുന്ന പ്രതിരോധവും ഗോൾവലക്കു കീഴിൽ ബ്രാവോയുടെ സാന്നിധ്യവും ചിലിക്ക് പ്രതീക്ഷ നൽകുന്നു.

ബ്രസീൽ സാധ്യത ഇലവൻ: അലിസൺ, എമേഴ്‌സൺ, മിലിറ്റാവോ, മാർക്വിന്യോസ്, സാൻഡ്രോ, റീചാർലിസൺ, ഫാബിന്യോ, കസെമിറോ, എവെർട്ടൺ, നെയ്‌മർ, ഗബ്രിയേൽ ജീസസ്.

ചിലി സാധ്യത ഇലവൻ: ബ്രാവോ, ഇസ്‌ലാ, മെഡൽ, സിയേറാൾട്ട, മെന, വിദാൽ, അരാംഗുയിസ്, അൽകാറൺ, പിനാരെസ്, വർഗാസ്, ബ്രെറെട്ടൻ.

facebooktwitterreddit