മൂന്നു പെനാൽറ്റികളും നിഷേധിച്ച ഗോളും, റയലിന്റെ വിജയത്തിൽ വിവാദം പുകയുന്നു


സെൽറ്റ വിഗോയും റയൽ മാഡ്രിഡും തമ്മിൽ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിലെ റയലിന്റെ വിജയത്തിൽ വിവാദം പുകയുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയ മത്സരത്തിൽ റയൽ മാഡ്രിഡിന് അനുകൂലമായി മൂന്നു പെനാൽറ്റി ലഭിച്ചതും സെൽറ്റ നേടിയ ഒരു ഗോൾ നിഷേധിക്കപ്പെട്ടതുമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
മത്സരത്തിന്റെ പത്താം മിനുട്ടിലാണ് റയൽ മാഡ്രിഡിന് ആദ്യത്തെ പെനാൽറ്റി ലഭിക്കുന്നത്. എഡർ മിലിറ്റാവോയെ അൽഫോൻസോ പെരസ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. കിക്കെടുത്ത ബെൻസിമ പിഴവൊന്നും കൂടാതെ അതു ഗോളാക്കി മാറ്റുകയായിരുന്നു. ആ ഗോളിൽ പെനാൽറ്റി തീരുമാനത്തിൽ ആർക്കും വലിയ പ്രതിഷേധം ഉണ്ടായില്ല.
Real Madrid have their THIRD penalty of the game and Benzema tucks it away! ? pic.twitter.com/f3fkJK1Qk6
— ESPN FC (@ESPNFC) April 2, 2022
മുപ്പത്തിയൊമ്പതാം മിനുട്ടിലാണ് സെൽറ്റയുടെ ഗോൾ റഫറി നിഷേധിച്ചത്. ഗലാർഡോയുടെ ഹെഡർ പോസ്റ്റിൽ തട്ടി തെറിച്ച് വലക്കുള്ളിലേക്ക് കയറിയെങ്കിലും ഓഫ്സൈഡ് പൊസിഷനിൽ നിന്നും വന്നു പന്തിനെ ഡേവിഡ് അലബയിൽ ഷീൽഡ് ചെയ്യാൻ തിയാഗോ ആസ്പാസ് ശ്രമിച്ചതാണ് ഗോൾ നിഷേധിക്കാൻ കാരണം. ഇവിടെ റഫറി വിഎആറിന്റെ സഹായം തേടിയിരുന്നു.
അറുപത്തിമൂന്നാം മിനുട്ടിലാണ് റയൽ മാഡ്രിഡിന് അടുത്ത പെനാൽറ്റി ലഭിക്കുന്നത്. ബോക്സിലേക്ക് കുതിച്ച റയൽ മാഡ്രിഡ് താരം റോഡ്രിഗോയെ മുറിയോ വീഴ്ത്തിയതിനാണ് പെനാൽറ്റി അനുവദിച്ചത്. ബെൻസിമയുടെ കിക്ക് സെൽറ്റ ഗോൾകീപ്പർ തട്ടി മാറ്റി. ഈ പെനാൽറ്റിയിലും റഫറിയുടെ തീരുമാനം ശരിയായിരുന്നു.
എന്നാൽ നാല് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഒരു പെനാൽറ്റി കൂടി റയൽ മാഡ്രിഡിന് ലഭിച്ചു. ഇത്തവണ ഫെർലാൻഡ് മെൻഡിയെ വാസ്ക്വസ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി നൽകിയത്. എന്നാൽ അതൊരു പെനാൽറ്റി നൽകാൻ മാത്രമുള്ള ഫൗൾ ഉണ്ടായിരുന്നില്ലെന്നതു വീഡിയോകളിൽ നിന്നും വ്യക്തമാണ്. ഈ തീരുമാനത്തിൽ വീഡിയോ റഫറി ഇടപെടുകയും ചെയ്തില്ല.
മത്സരത്തിൽ വിജയിച്ചതോടെ ലീഗിൽ 30 മത്സരങ്ങളിൽ നിന്നും 69 പോയിന്റുമായി റയൽ മാഡ്രിഡ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 29 മത്സരങ്ങൾ കളിച്ച സെവിയ്യ 57 പോയിന്റുമായി രണ്ടാമത് നിൽക്കുമ്പോൾ 30 മത്സരങ്ങളിൽ നിന്നും അതെ പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ്, 28 മത്സരങ്ങളിൽ 54 പോയിന്റുള്ള ബാഴ്സലോണ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.