Football in Malayalam

ടോപ് ഫോർ നേടാനുറപ്പിച്ച് ടോട്ടനം, ജനുവരിയിൽ പുതിയ സൈനിംഗുകൾ ആവശ്യമെന്ന് കോണ്ടെ

Sreejith N
Southampton v Tottenham Hotspur - Premier League
Southampton v Tottenham Hotspur - Premier League / Robin Jones/GettyImages
facebooktwitterreddit

ടോട്ടനം പരിശീലകനായി ചുമതല ഏറ്റെടുത്ത് ഏതാനും മാസങ്ങൾ പിന്നിട്ടിരിക്കെ പുതിയ സൈനിംഗുകൾ ജനുവരിയിൽ വേണമെന്ന ആവശ്യവുമായി അന്റോണിയോ കോണ്ടെ. ഈ സീസണിൽ ടോപ് ഫോർ ഫിനിഷിങിനായുള്ള പോരാട്ടത്തിൽ സജീവമായി നിലനിൽക്കുന്ന ടീമിന് ലക്‌ഷ്യം നേടാൻ ജനുവരിയിൽ പുതിയ സൈനിംഗുകൾ അനിവാര്യമാണെന്നാണ് ഇറ്റാലിയൻ പരിശീലകൻ പറയുന്നത്.

തനിക്ക് വേണ്ട താരങ്ങളെ ടീമിലെത്തിക്കാൻ ആവശ്യപ്പെടുകയും അവരെ ലഭിച്ചാൽ ക്ലബ്ബിനെ നേട്ടങ്ങളിലേക്ക് നയിക്കാൻ കഴിയുകയും ചെയ്യുന്ന പരിശീലകനാണ് അന്റോണിയോ കോണ്ടെ. യുവന്റസ്, ചെൽസി, ഇന്റർ മിലാൻ എന്നീ ക്ലബുകൾക്കൊപ്പം അദ്ദേഹം അതു തെളിയിച്ചിട്ടുള്ളതുമാണ്. അതിനാൽ തന്നെ കോണ്ടേയുടെ ആവശ്യം ടോട്ടനം നേതൃത്വം തള്ളാനുള്ള സാധ്യത കുറവാണ്.

"ഞാൻ നിങ്ങളോട് പറഞ്ഞതു പോലെ ചാമ്പ്യൻസ് ലീഗിൽ ഇടം നേടുന്നതിന് ആരെങ്കിലും പരാജയപ്പെടുക തന്നെ വേണം. നാല് വലിയ ടീമുകൾ അതിനായി ഇപ്പോൾ രംഗത്തുണ്ട്, അതിനൊപ്പം മറ്റു ടീമുകൾ പ്രധാനപ്പെട്ട നിക്ഷേപം ഈ വർഷം നടത്തി തമ്മിലുള്ള വിടവ് കുറക്കാനുള്ള ശ്രമം നടത്തുന്നുണ്ട്."

"എന്നാലത് ഒരൊറ്റ ട്രാൻസ്‌ഫർ മാർക്കറ്റല്ല, ഫുട്ബോൾ വളരെ സങ്കീർണമായ ഒന്നാണ്, അതു പണത്തെ ചുറ്റിപ്പറ്റി മാത്രമല്ല, നിരവധി വർഷങ്ങൾ കൊണ്ട് നമ്മൾ വളരെ പ്രധാനപ്പെട്ട ചിലത് ഉണ്ടാക്കിയെടുക്കണം. ഞാനതു ചെയ്യാനാണ് ഇവിടെ എത്തിയത്, പക്ഷെ ഈ വർഷം അതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്." കോണ്ടെ പറഞ്ഞു. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിക്കേണ്ട താരങ്ങളെക്കുറിച്ച് ധാരണയുണ്ടെന്ന സൂചനകളും അദ്ദേഹം നൽകി.

"ശരിയായ വിശകലനം നടത്താൻ ഞാൻ സമയം ചോദിച്ചിരുന്നു. ഞാൻ ചുമതല ഏറ്റെടുത്തതിന് ഒരു വർഷത്തിനു ശേഷം ഞങ്ങൾക്കൊരു മീറ്റിങ് ഉണ്ടായിരുന്നു. അതു പക്ഷെ ശരിയായ സമയം ആയിരുന്നില്ല. എന്നാലിപ്പോൾ, രണ്ടു മാസങ്ങൾക്കു ശേഷം ഇതേപ്പറ്റി സംസാരിക്കാൻ ക്ലബുമായുള്ള മീറ്റിങ്ങിനു വേണ്ടി ഞാൻ കാത്തിരിക്കയാണ്." കോണ്ടെ പറഞ്ഞു.

ഫ്രാങ്ക് കെസീ, വെസ്റ്റേൺ മക്കന്നീ,വ്ലാഹോവിച്ച് എന്നിങ്ങനെ സീരി എ താരങ്ങളുമായി ബന്ധപ്പെട്ടാണ് ടോട്ടനത്തിന്റെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങളുള്ളത്. അതേസമയം വിചാരിച്ച സൈനിംഗുകൾ ടോട്ടനം നടത്തിയാൽ ടോപ് ഫോറിനായി പൊരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ, വെസ്റ്റ് ഹാം ഉൾപ്പെടെയുള്ള ടീമുകൾക്കത് വലിയ ഭീഷണി തന്നെയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit